തല മറക്കാത്തതിനാൽ മിഷേൽ ഒബാമയെ ടെലിവിഷൻ ദൃശ്യത്തിൽ മറച്ചു വച്ചുവെന്ന വാർത്ത സൗദി അധികൃതർ നിഷേധിച്ചു. സൗദിയിലെ പുതിയ ഭരണാധികാരിയായ സൽമാനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് മിഷേലിന്റെ തലമറക്കൽ വിവാദമായത്.
സൽമാനെ സന്ദർശിക്കാൻ എർഗ കൊട്ടാരത്തിൽ ഒബാമയും മിഷേലും എത്തുന്ന ദൃശ്യത്തിലാണ് തല മറക്കാത്തതിനാൽ മിഷേലിനെ മറച്ചു വച്ചു എന്ന ആരോപണമുണ്ടായത്. മിഷേലിനെ മറക്കുന്ന ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.
അതേസമയം വാഷിംഗ്ടണിലെ സൗദി എംബസി ഇതു സംബന്ധച്ച് വിശദീകരണം നൽകിയതായി സി. എൻ. എൻ. പ്രതിനിധി പറഞ്ഞു. ഒബാമയും മിഷേലും വിമാനത്താവളത്തിൽ വന്നിറങ്ങിയതു മുതൽ കൊട്ടാരത്തിൽ എത്തുന്നതുവരെ ഉള്ളതെല്ലാം സൗദി ടെലിവിഷൻ കാണിച്ചെന്നും മിഷേലിനെ ഒരിടത്തും മറച്ചുവച്ചിട്ടില്ലെന്നും സൗദി ടെലിവിഷൻ വ്യക്തമാക്കി.
അൽജസീറ ഉൾപ്പടെയുള്ള അറബ് ചാനലുകൾ മിഷേലിന്റെ മുഖം മറക്കാത്ത ദൃശ്യമാണ് സംപ്രേഷണം ചെയ്തത്. മരണമടഞ്ഞ സൗദി രാജാവ് അബ്ദുല്ലയുടെ കുടുംബത്തിന് അനുശോചനം അറിയിക്കാനാണ് ഒബാമയും മിഷേലും ഇന്ത്യാ സന്ദർശനം വെട്ടിച്ചുരുക്കി സൗദിയിൽ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല