കൊച്ചി: ഇന്ത്യന്‍ ഭരണഘടനയുടെ സോഷ്യലിസ്റ്റ് മതേതര പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയത് കുറ്റകരമായ അനാസ്ഥയാണെന്നും മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളി ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തുമെന്നും ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
മതനിരപേക്ഷതയാണ് ഭാരതത്തിന്റെ മുഖമുദ്ര. നാനാത്വത്തില്‍ ഏകത്വമാണ് ഈ നാടിന്റെ ആത്മാവ്. ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ ഇന്ത്യയുടെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതും ആദരവോടെ ലോകജനത നോക്കിക്കാണുന്നതും ഭാരതത്തിന്റെ മതേതരമുഖവും ആര്‍ഷഭാരത സംസ്കാരവുമാണ്. വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും വ്യത്യസ്തതയുള്ളപ്പോഴും പരസ്പരസ്നേഹവും സൗഹൃദവും വെച്ചുപുലര്‍ത്തുന്ന വിവിധ മതങ്ങളുടെ ഐക്യത്തിലും സ്നേഹകൂട്ടായ്മയിലും വിഷബീജം കുത്തിവയ്ക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
മതേതരപരാമര്‍ശങ്ങള്‍ ഒഴിവാക്കിയതിനെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിക്കുന്നത് ലജ്ജാകരവും ഓരോ ഭാരതീയനോടുമുള്ള വെല്ലുവിളിയാണ്. ജനാധിപത്യ പ്രക്രിയയിലൂടെ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ സര്‍ക്കാരിനെ മാനിക്കുന്നവരാണ് ഇന്ത്യയിലെ ക്രൈസ്തവസമൂഹം. ഇതിന് ശക്തിയേകുന്നത് ഭരണഘടനയുടെ വൈശിഷ്ഠ്യമാണ്. അധികാരധാര്ഷ്ഠ്യത്തില് ഇതര മതവിഭാഗങ്ങളെ അടിച്ചമര്‍ത്താനും മതേതരമൂല്യങ്ങളെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടുമെന്നും ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല