പ്രവാസി തൊഴിലാളികളുടെ തൊഴില്‍ അനുമതി ആറുവര്‍ഷമാക്കി ചുരുക്കാനുള്ള നീക്കം സൗദി അറേബ്യയില്‍ സജീവമാകുന്നു. തൊഴില്‍രംഗങ്ങള്‍ പ്രവാസികള്‍ കയ്യടക്കുകയും സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നഷ്ടമാവുകയും ചെയ്യുന്ന അവസ്ഥ പരിഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നീക്കം നടക്കുന്നത്. ആറു വര്‍ഷം കഴിഞ്ഞാല്‍ പ്രവാസികള്‍ക്ക് തൊഴില്‍വിസ പുതുക്കി നല്‍കില്ലെന്ന് തൊഴില്‍ മന്ത്രി ആദല്‍ അല്‍ ഫഖീഹ് അറിയിച്ചു.
സ്വകാര്യകമ്പനികളില്‍ സൌദി സ്വദേശികളുടെ നിയമനം കൂട്ടാനും സര്‍ക്കാരിനു പദ്ധതിയുണ്ട്. ഇപ്പോള്‍ 10.5 ശതമാനമാണു തൊഴിലില്ലായ്മ നിരക്കെന്നും സ്വകാര്യമേഖലയില്‍ 10 % സൗദി പൗരന്മാര്‍ മാത്രമേ ജോലി ചെയ്യുന്നുള്ളുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യമേഖലയിലെ 60 ലക്ഷം പേരടക്കം 80 ലക്ഷത്തോളം വിദേശികളാണു സൗദിയില്‍ ജോലി ചെയ്യുന്നത്.
സൌദിയിലുള്ള 20 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കു തിരിച്ചടിയാകുന്ന തീരുമാനമാണിത്. 1994 മുതല്‍ സൗദിവല്‍ക്കരണം നടപ്പാക്കിത്തുടങ്ങിയതാണ്. പക്ഷേ അത് പ്രവാസികളെ ഇതുവരെ കാര്യമായി ബാധിച്ചിരുന്നില്ല.
വിദേശികളെ റിക്രൂട്ട് ചെയ്യുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ചുമാസം അനുവദിക്കും. നിയമം പ്രാബല്യത്തിലാകുന്ന തീയതി നിശ്ചയിച്ചിട്ടില്ല. 1.9 കോടിയാണു സൗദിയിലെ ജനസംഖ്യ. ജനസംഖ്യാ വര്‍ധന നിരക്ക് 2.4 ശതമാനവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല