ബന്ദിയാക്കിയിരുന്ന രണ്ടാമത്തെ ജപ്പാൻകാരനേയും വധിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ് അറിയിച്ചു. ഇന്നലെ പുറത്തുവിട്ട വീഡിയോയിലാണ് ഫ്രീലാൻസ് പത്രപ്രവർത്തകനും സംവിധായകനുമായ കെഞ്ചി ഗോട്ടോയെ വധിച്ചതായി പറയുന്നത്.
സാധാരണ ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോകളിലെ പോലെ ഗോട്ടോയുടെ കഴുത്തിൽ കത്തിവച്ചു നിൽക്കുന്ന ഭീകരനും തുടർന്ന് ഉടലിൽനിന്ന് തല വേർപ്പെട്ട നിലയിൽ ഗോട്ടോയുടെ മൃതദേഹവുമാണ് ചിത്രത്തിലുള്ളത്. യൂട്യൂബ് വഴിയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
വീഡിയോയുടെ നിജസ്ഥിതി പരിശോധിക്കുകയാണെന്ന് ജപ്പാൻ സർക്കാർ അറിയിച്ചു. സംഭവത്തെ അമേരിക്ക, യുകെ, ഫ്രാൻസ്, എന്നീ രാജ്യങ്ങൾ നിശിതമായി വിമർശിച്ചു. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ മേൽനടപടികൾ തീരുമാനിക്കുമെന്ന് ജപ്പാൻ വക്താവ് അറിയിച്ചു.
ഗോട്ടോയോടൊപ്പം ഇസ്ലാമിക് സ്റ്റേറ്റ് ബന്ദിയാക്കിയ ജപ്പാൻകാരനായ ഹാരുണ യുകാവയെ ഒരാഴ്ച മുൻപ് തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. നേരത്തെ ജോർദാനിൽ തടവിലുള്ള ഭീകര വനിത സാജിദായെ വിട്ടുകൊടുത്താൽ ഗോട്ടോയെ മോചിപ്പിക്കാം എന്ന് ഇസ്ലാമിക് സ്റ്റേറ്റ് സമ്മതിച്ചിരുന്നു.
എന്നാൽ സാജിദായെ മോചിപ്പിക്കാൻ ജോർദാൻ തയ്യാറായില്ല. തുടർന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഗോട്ടോയെ വധിക്കുന്ന വീഡിയോ പുറത്തുവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല