കുറ്റംപറഞ്ഞും പേടിപ്പിച്ചും നുണപറഞ്ഞും ഡേവിഡ് കാമറൂണ്‍ തെരഞ്ഞെടുപ്പ് ജയിക്കാനായി നടത്തുന്നത് വൃത്തിക്കെട്ട പ്രചാരണങ്ങളാണെന്ന വിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി. മെയ് ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പായി കാമറൂണിനെ പോലെ തരംതാഴ്ന്ന പ്രചാരണങ്ങള്‍ സംഘടിപ്പിക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് മേധാവി ഡഗ്ളസ് അലക്സാണ്ടര്‍ പറഞ്ഞു.
ഡേവിഡ് കാമറൂണും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിക്കെതിരെയും എഡ് മിലിബാന്ഡിനെതിരെയും വ്യക്തിപരമായ ആക്രമണങ്ങളാണ് നടത്തുന്നത്. ഇത് തരംതാഴ്ന്ന രീതിയാണെന്നും ഡഗ്ളസ് പറഞ്ഞു. അതേസമയം എഡ്മിലിബാന്ഡിനെതിരായ വിമര്‍ശനങ്ങള്‍ തുടരുമെന്നും തെരഞ്ഞെടുപ്പ് ജയിക്കാനുള്ളതാണെന്നും മുതിര്‍ന്ന ടോറി നേതാവ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പിനായി 95 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എതിരാളികള്‍ക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കിക്കൊണ്ട് രാഷ്ട്രീയമായി നേരിടാനാണ് ലേബര്‍ പാര്‍ട്ടി നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളും കെടുകാര്യസ്ഥതയും ജനമധ്യത്തില്‍ തുറന്നുക്കാട്ടി വേണം വോട്ട് പിടിക്കാനെന്നും നിര്‍ദ്ദേശമുണ്ട്. ഡേവിഡ് കാമറൂണിനെ വ്യക്തിപരമായി ആക്രമിക്കുന്ന ബില്‍ ബോര്‍ഡുകളും മറ്റും സ്ഥാപിക്കാനുള്ള പദ്ധതിയുണ്ടായിരുന്നെങ്കിലും ഇനി അത്തരത്തിലുള്ള പ്രചാരണങ്ങള്‍ വേണ്ട എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ തീരുമാനം.
ടോറികള്‍ നേരത്തെ എഡ് മിലിബാന്‍ഡിന്റെ ചിത്രം ഉള്‍പ്പെടെ ഉപയോഗിച്ച് അധിക്ഷേപകരമായ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇതിന് ഇതേ ഭാഷയില്‍ മറുപടി നല്‍കാതെ ക്യാംപെയ്ന്റെ തന്ത്രങ്ങള്‍ മാറ്റിപിടിക്കാനാണ് ലേബര്‍ പാര്‍ട്ടിയുടെ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല