ഉത്തരകൊറിയ പതിനേഴിനും ഇരുപതിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് സൈനിക സേവനം നിർബന്ധമാക്കി. സ്കൂൾ പഠനം പൂർത്തിയാക്കുന്നവർക്ക് ഏപ്രിലിലും തൊഴിലെടുക്കുന്നവർക്ക് ഓഗസ്റ്റിലുമാണ് പട്ടാളത്തിൽച്ചേരാൻ അവസരം.
എന്നാൽ പുരുഷന്മാരെപ്പോലെ സ്ത്രീകൾ പത്തുവർഷം തുടരേണ്ടതില്ല. 23 വയസുവരെ മാത്രമാണ് സ്ത്രീകൾക്ക് സൈനിക സേവനം തുടരേണ്ടതുള്ളു. സാംക്രമിക രോഗങ്ങൾ ഉൾപ്പടെയുള്ള പരിശോധനകൾക്കു ശേഷം മാത്രമേ സേനയിൽ എടുക്കുകയുള്ളു.
സൈനികരുടെ സംഖ്യ പത്തു ലക്ഷമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. നിലവിൽ കൊറിയൻ സൈന്യത്തിലെ അംഗ സംഖ്യ ആറു ലക്ഷമാണ്. നേരത്തെ പത്തു ലക്ഷം സൈനികരുണ്ടായിരുന്ന ഉത്തര കൊറിയൻ സേനയുടെ ആൾബലം തൊണ്ണൂറുകളിൽ പടർന്നു പിടിച്ച പട്ടിണിയെത്തുടർന്നാണ് ഇടിഞ്ഞത്.
പുതിയ ഏകാധിപതി കിം ജോങ് യുനിന്റെ വൈദേശിക ഭീഷണിക്കെതിരെ രാജ്യത്തെ ശക്തിപ്പെടുത്തൽ നയത്തിന്റെ ഭാഗമായാണ് സൈനികരുടെ എണ്ണം കൂട്ടുന്നത്. ഉത്തര കൊറിയയിൽ അരങ്ങേറിയ കൂട്ടക്കൊലകളിലും മനുഷ്യാവകാശ ലംഘനങ്ങളിലും യുഎൻ രക്ഷാ സമിതിയുടെ അന്വേഷണം നേരിടുന്നയാളാണ് യുൻ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല