നടുറോഡിൽ വച്ച് ശരീരത്തിൽ കടന്നു പിടിച്ചയാളെ മാധ്യമ പ്രവർത്തക തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിച്ചു. ഏറണാകുളം കലൂർ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.
ഓഫീസിലേക്ക് നടന്നു പോകുകയായിരുന്ന മാധ്യമ പ്രവർത്തകയെ എതിരെ വന്ന തിരുവനന്തപുരം കടക്കാവൂർ തെക്കുംഭാഗം റോയ് ഭവനിൽ റോയ് വർഗീസ് കടന്നു പിടിക്കുകയായിരുന്നു. യുവതി പ്രതികരിച്ചതോടെ റോഡിലൂടെ നടന്നാൽ ഇങ്ങനെയൊക്കെ ഉണ്ടാകും എന്നു പറഞ്ഞു റോയ് കരണത്തടിച്ചു.
അടിയുടെ ആഘാതത്തിൽ കണ്ണട തകർന്നെങ്കിലും യുവതി റോയിയെ തടഞ്ഞു നിർത്തി പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. സ്ത്രീകളെ അപമാനിച്ചതിനും മർദ്ദത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
ഏപ്രിലിൽ കടക്കാവൂർ സ്വദേശി ഡിക്സണെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് റോയ്. ജാമ്യത്തിലിറങ്ങിയ റോയ് കലൂരിലെ സ്വകാര്യ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു.
നേരത്തെ രേഖകളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് ആശുപത്രി അധികൃതരും റോയിക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതി പിന്നീട് പിൻവലിക്കുകയാണുണ്ടായത്. മോഷണമുൾപ്പടെ വിവിധ കേസുകളിൽ പ്രതിയാണ് റോയ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല