ഇംഗ്ലണ്ടിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ കുറ്റവാളികളുടെ ഫോട്ടോകളും വിവരങ്ങളും സൂക്ഷിക്കുന്ന ഡേറ്റാ ബേസില്‍ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് ആയിര കണക്കിന് നിരപരാധികളുടെ ഫോട്ടോകളും. കുറ്റവാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ ഇമേജൂകള് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ് എന്നുള്ള കോടതിയുടെ വിധി നിലനില്‍ക്കെയാണ് നിയമങ്ങള്‍ കാറ്റിപ്പറത്തി കൊണ്ടുള്ള നിയമപാലകരുടെ നടപടി.
ഒരിക്കല്‍ പോലും കുറ്റം ചാര്ത്തപ്പെട്ടിട്ടില്ലാത്തവര്, കുറ്റവാളികള്‍ അല്ലെന്ന് കോടതി വിധിച്ചവര്, കുറ്റാരോപിതര്‍, കുറ്റം തെളിഞ്ഞവര്‍, പൊലീസിന്റെ നോട്ടപ്പുള്ളികള്‍ എന്നിങ്ങനെ നീളുന്നു ഡേറ്റാ ബെയ്സിലെ വിവരങ്ങള്‍. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ പോലും അനുമതിയില്ലാതെയാണ് പൊലീസ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് എന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പൊലീസ് വകുപ്പിന് കീഴിലുള്ള ഒരു സ്വതന്ത്ര കമ്മീഷ്ണറാണ് ബിബിസി ന്യൂസിന്റെ ന്യൂസ് നൈറ്റില്‍ ഈ വെളുപ്പെടുത്തലുകള്‍ നടത്തിയത്. എന്നാല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ആക്ടിന്റെ പരിധിയിലുള്ളതാണ് നടപടികളെന്ന് പൊലീസ് വാദിക്കുന്നു. നിയമത്തിന് വിരുദ്ധമായിട്ട് എന്തെങ്കിലും തങ്ങള്‍ ചെയ്യുന്നില്ലെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ വര്‍ഷം മുതലാണ് കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങള്‍ക്കും മുറ്റും പ്രയോജനപ്പെടുന്ന രീതിയിലുള്ള മഗ്ഷോട്ടുകള്‍ പൊലീസ് ഡേറ്റാ ബെയ്സില്‍ സൂക്ഷിച്ച് തുടങ്ങിയത്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും എല്ലാ പൊലീസ് സ്റ്റേഷനുകളില്‍നിന്നും ഇത്തരത്തില്‍ ചിത്രങ്ങള്‍ അയച്ച് നല്‍കിയിട്ടുണ്ട്.
2012ല്‍ പൊലീസിന്റെ ഡേറ്റാ ബെയ്സില്‍നിന്ന് തങ്ങളുടെ ഫോട്ടോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ട് പേര് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കുറ്റം ചെയ്യാത്തവരുടെ ഫോട്ടോ ഡേറ്റാ ബെയ്സില്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചത്. ഉടന്‍ തന്നെ പൊലീസിന്റെ ഇത്തരം പ്രവര്‍ത്തികളില്‍ മാറ്റം വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് അനങ്ങിയിട്ടില്ല. കോടതിയുടെ വിധി വന്നിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.
കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങളുടെ ഭാഗമായിട്ട് ഫെയ്ഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ചാണ് ആളുകളെ തിരിച്ചറിയുന്നത്. ഇതില്‍ എന്തെങ്കിലും പാകപ്പിഴ സംഭവിച്ചാല്‍ തെറ്റായ ആള് പ്രതിയാക്കപ്പെടുകയും കേസ് അന്വേഷണം ദിശതെറ്റി പോകുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. തന്റെ പോലും അറിവോ സമ്മതമോ കൂടാതെയാണ് ജൂണിയര്‍ ഉദ്യോഗസ്ഥര്‍ ഇതൊക്കെ കാട്ടിക്കൂട്ടുന്നതെന്നും അദ്ദേഹം ന്യൂസ് നൈറ്റില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല