1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2011

 

ലോകം കടുത്ത ഭക്ഷ്യദൗര്‍ലഭ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഇന്നുള്ളതിനേക്കാളും ഇരട്ടിയിലേറെ വര്‍ധിക്കുമെന്നാണ് ഓക്‌സ്ഫാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

2030 ആകുമ്പോഴേക്കും ഭക്ഷ്യസാധനങ്ങളുടെ ഡിമാന്റ് 70 ശതമാനം മുതല്‍ 90 ശതമാനം വരെ വര്‍ധിക്കും. എന്നാല്‍ ഭക്ഷ്യവിതരണത്തില്‍ വര്‍ധനയില്ലാത്തത് അവസ്ഥ കൂടുതല്‍ ഭീകരമാക്കുമെന്നും ആശങ്കയുണര്‍ന്നിട്ടുണ്ട്. ഗ്രോയിംഗ് എ ബെറ്റര്‍ ഫ്യൂച്ചര്‍ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുള്ളത്.

ഉയരുന്ന ഡിമാന്റ്, കാലാവസ്ഥാ വ്യതിയാനം, ഉല്‍പ്പാദനക്കുറവ് എന്നിവ വരാനിരിക്കുന്ന വര്‍ഷങ്ങളെ ദുരിതപൂര്‍ണമാക്കും. നിലവിലെ സ്ഥിതി ഉടനേ പരിഹരിച്ചില്ലെങ്കില്‍ കടുത്ത ഭക്ഷ്യക്ഷാമമായിരിക്കും നേരിടേണ്ടി വരികയെന്നും മുന്നറിയിപ്പുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ കഴിഞ്ഞ 20 വര്‍ഷത്തേക്കാള്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് യു.എന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു.

ആഗോള താപനം, കാര്‍ഷികരംഗത്തെ മുരടിപ്പ്, കൃഷിരീതികളിലുണ്ടായ മാറ്റം എന്നിവ ഭക്ഷ്യദൗര്‍ലഭ്യത്തിന് കാരണമാകുമെന്നാണ് ഓക്‌സ്ഫാം പറയുന്നത്. ഉയരുന്ന ഇന്ധനവിലയും ജനസംഖ്യാ വിസ്‌ഫോടനവും നഗരവല്‍ക്കരണവുമെല്ലാം ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുന്ന മറ്റ് ഘടകങ്ങളാണെന്നും ഓക്‌സ്ഫാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളകാര്‍ഷിക മേഖലയില്‍ പരിഷ്‌ക്കാരം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.