ദിനംപ്രതി കൂടിക്കൊണ്ടിരുന്ന തന്റെ ഇന്റർനെറ്റ് ഭ്രാന്തിൽനിന്ന് രക്ഷപ്പെടാൻ പത്തൊമ്പതുകാരനായ വാങ് കണ്ടുപിടിച്ച വഴി അല്പം കടന്ന കയ്യായിപ്പോയി. ചൈനയിലെ നാങ്ടീങ് പട്ടണത്തിലെ വിദ്യാർഥിയായ വാങ് സ്വന്തം കൈപ്പത്തി മുറിച്ചാണ് ഇന്റർനെറ്റ് അടിമത്തിൽനിന്ന് രക്ഷ നേടിയത്.
താൻ ആശുപത്രിവരെ പോകുകയാണെന്നും വൈകിട്ട് തിരിച്ചുവരുമെന്നും അമ്മക്ക് കത്തെഴുതി വച്ചിട്ട് കാലത്തെ പുറത്തിറങ്ങിയതാണ് വാങ്. നേരെ പാർക്കിലെ ബഞ്ചിൽ പോയിരുന്ന വാങ് കയ്യിൽ കരുതിയിരുന്ന കറിക്കത്തി കൊണ്ട് കൈപ്പത്തി അറത്തു മാറ്റുകയായിരുന്നു.
തുടർന്ന് മുറിച്ചു മാറ്റിയ കൈപ്പത്തി ഉപേക്ഷിച്ച ശേഷം വാങ് ആശുപത്രിയിലെത്തി. ചോരയിറ്റുന്ന കൈയ്യുമായി കയറിവന്നപ്പോൾ കാര്യം അന്വേഷിച്ച ആശുപത്രി അധികൃതരോടാണ് വാങ് തന്റെ അപകടകരമായ ഇന്റർനെറ്റ് അടിമത്തത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത്.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് പാർക്കിൽ നിന്നും കൈപ്പത്തി വീണ്ടെടുത്തു. കൈപ്പത്തി വാങിന്റെ കൈയിൽ തുന്നിച്ചേർത്തെങ്കിലും വീണ്ടും ചലിപ്പിക്കാൻ കഴിയുമോ എന്ന കാര്യം സംശമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല