ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഈജിപ്തിൽ 230 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2011 ൽ നടന്ന വിപ്ലവത്തിൽ പങ്കെടുത്തവർക്കാണ് 25 വർഷം തടവുശിക്ഷ ലഭിച്ചത്. ഇതേ കേസിൽ മറ്റു 30 പേർക്ക് പത്തു വർഷം തടവും വിധിച്ചിട്ടുണ്ട്.
തഹ്രിർ ചത്വരത്തിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് ഹോസ്നി മുബാറക്കിന് സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. ഒരാഴ്ച നീണ്ട പ്രക്ഷോഭത്തിൽ 17 പേർക്ക് ജീവൻ നഷ്ടപ്പെടുകയും കെട്ടിടങ്ങളും പൊതുമുതലുകളും നശിക്കുകയും ചെയ്തു.
കലാപത്തിലെ മുഖ്യ പങ്കാളിയായ അഹമ്മദ് ദൂമയും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. വിധി പ്രസ്താവം കേട്ട് കോടതി മുറിയിൽ പ്രതിഷേധിച്ച ദൂമയെ ജഡ്ജി ശാസിച്ചു. മേൽകോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് ദൂമയുടെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.
ശിക്ഷ ലഭിച്ചവർ കലാപത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ട്പരിഹാരമായി 170 ലക്ഷം ഈജിപ്ഷ്യൻ പൗണ്ട് പിഴ അടക്കുകയും വേണം. 2013 ൽ പ്രസിഡന്റ് മുഹമ്മദ് മുർസിയെ താഴെയിറക്കിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ 183 പേർക്ക് കോടതി വധശിക്ഷ വിധിച്ചതിന് തൊട്ടു പുറകെയാണ് പുതിയ വിധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല