ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കെതിരെ യുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ ഇനി മുതൽ ആ ദിവസം പേരന്റ്സ് ഡേ ആയി കൊണ്ടാടാണമെന്ന് ചത്തീസ്ഗഡ് സർക്കാർ ഉത്തരവിറക്കി. ഫെബ്രുവരി 14 മാതൃ – പിതൃ ദിവസമായി ആഘോഷിക്കണമെന്ന് സംസ്ഥാനത്തെ എല്ലാം സ്കൂളുകൾക്കും അയച്ച ഉത്തരവിൽ പറയുന്നു.
രണ്ടു വർഷം മുമ്പുതന്നെ ചത്തീസ്ഗഡിലെ സർക്കാർ സ്കൂളുകൾ ഫെബ്രുവരി 14 മാതാപിതാക്കൾക്കുള്ള ദിവസമായി ആഘോഷിച്ചു തുടങ്ങിയിരുന്നു. ആൾദൈവമായ ആശാറാം ബാപ്പുവാണ് ഈ ആശയം നേരത്തെ മുന്നോട്ടു വച്ചത്. ബാപ്പു ഇപ്പോൾ ലൈംഗിക പീഡനക്കേസിൽ അകപ്പെട്ട് ജയിൽ വാസം അനുഭവിക്കുകയാണ്.
ഫെബ്രുവരി 14 മാതാപിതാക്കളെ സ്കൂളുകളിലേക്ക് ക്ഷണിക്കുകയും കുട്ടികൾ അവർക്ക് ആരതി ഉഴിഞ്ഞ് മധുര പലഹാരങ്ങൾ നൽകുകയും ചെയ്യും. നേരത്തെ വാലന്റൈൻസ് ഡേക്ക് പരസ്യമായി സ്നേഹ പ്രകടനം നടത്തുന്ന കമിതാക്കളെ കൈകാര്യം ചെയ്യുമെന്ന് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി 14 ന് പൊതുസ്ഥലങ്ങളിൽ റോസാപ്പൂക്കളുമായി കറങ്ങുന്ന കമിതാക്കളെ പിടിച്ച് ബലമായി വിവാഹം കഴിപ്പിക്കുമെന്നാണ് സഭയുടെ ഭീഷണി. ഹിന്ദുക്കളല്ലാത്ത കമിതാക്കളെ ശുദ്ധീകരണ ചടങ്ങുകൾക്ക് വിധേയരാക്കുമെന്നും ഹിന്ദു മഹാസഭാ നേതാക്കൾ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല