ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികള്‍ എവിടെ എന്ന ചോദ്യവുമായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി. 300 ദിവസത്തിലേറെയായി പെണ്‍കുട്ടികളെ കാണാതായിട്ട്. എന്നിട്ടും നൈജീരിയന്‍ സര്‍ക്കാരും ലലോക നേതാക്കളും പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് പാകിസ്താനി വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തക ആരോപിച്ചു.
കുറച്ച്കൂടി നല്ല പശ്ചാത്തലത്തില്‍നിന്നുള്ള കുട്ടികളായിരുന്നെങ്കില്‍ നേതാക്കള്‍ കുറച്ച്കൂടി ഉത്സാഹം പെണ്‍കുട്ടികളെ വീണ്ടെടുക്കുന്നതിനായി കാണിക്കുമായിരുന്നെന്നും യൂസഫ്സായി തന്റെ ബ്ലോഗ് പോസ്റ്റില്‍ കുറ്റപ്പെടുത്തി. നൈജീരിയന്‍ സര്‍ക്കാരും അന്താരാഷ്ട്ര നേതാക്കളും പെണ്‍കുട്ടികളുടെ മോചനത്തിനായി പ്രയ്തിനിക്കണമെന്നും മലാല ആവശ്യപ്പെട്ടു.
നൈജീരിയയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഈ മാസം അവസാനത്തോടെ അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തും. ഈ സര്‍ക്കാര്‍ അവരുടെ ഭരണത്തിന്റെ ആദ്യ നൂറു ദിവസങ്ങളിലെ മുന്‍ഗണനയില്‍ പെണ്‍കുട്ടികളെ തിരികെ കൊണ്ടു വരുന്നതിന് നല്‍കണമെന്ന് മലാല അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നൈജീരിയ സന്ദര്‍ശിച്ച മലാല യൂസഫ്സായി പെണ്‍കുട്ടികളുടെ മോചനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. താലിബാനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബോക്കോ ഹറാം കലീഫാ ഭരണം ഏര്‍പ്പെടുത്തുന്നതിനായി ആക്രമണങ്ങളും തട്ടിക്കൊണ്ട് പോകലും നടത്തുന്നത്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ബോക്കോ ഹറാം തീവ്രവാദികള്‍ സ്കൂളില്‍നിന്നും നൂറു കണക്കിന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല