വീട് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഹീത്രൂ വിമാനത്താവളത്തില്‍ താമസമാക്കിയ വൃദ്ധ ദമ്പതികള്‍ക്ക് അപരിചിതര്‍ ചേര്‍ന്ന് ശേഖരിച്ച് നല്‍കിയത് 9000 പൗണ്ട്. 71 വയസ്സുള്ള അലന്‍ ലെയ്ന്‍ 62 വയസ്സുള്ള കത്രീന സ്മിത്ത് എന്നിവരെയാണ് ഹീത്രു വിമാനത്താവളത്തിനുള്ളില്‍ താമസമാക്കിയ നിലയില്‍ കണ്ടെത്തിയിരുന്നത്.
മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കുന്നതിനും പിടിക്കപ്പെടാതിരിക്കുന്നതിനുമായി ഓരോ ടെര്‍മിനലുകളും മാറി മാറിയായിരുന്നു ഇവരുടെ താമസം. മൊബൈല്‍ ഫോണില്‍ ടെലിവിഷന്‍ സീരിയലുകള്‍ കണ്ടും മറ്റുമാണ് ഇവര്‍ സമയം കളഞ്ഞിരുന്നത്. ജോലി ഉണ്ടായിരുന്ന സമയത്ത് ഇവര്‍ക്ക് വീടുണ്ടായിരുന്നു. ലോണ്‍ എടുത്തായിരുന്നു വീട് വാങ്ങയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിയുടെ കരാര്‍ തീര്‍ന്നതിനെ തുടര്‍ന്ന് ജോലി നഷ്ടമായി. പിന്നീട് ലോണ്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതെ വീട് വിറ്റു. വാടകയ്ക്കായിരുന്നു പിന്നീടുള്ള താമസം. കാലക്രമേണ വാടക കൊടുക്കാനും പണമില്ലാതായ ഇവര്‍ക്ക് കയറി കിടക്കാന്‍ ഒരിടമില്ലാതായി. മറ്റ് അഭയസ്ഥാനമില്ലാതായപ്പോള്‍ അവര്‍ വിമാനത്താവളത്തില്‍ അഭയം തേടി.
മെയില്‍ ഓണ്‍ലൈനാണ് ഇവരുടെ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ഫെയ്‌സ്ബുക്കില്‍ ആരംഭിച്ച ഗോ ഫണ്ട് മീ ക്യാംപെയ്‌നിലൂടെയാണ് 9060 പൗണ്ട് ശേഖരിച്ചത്. വാര്‍ത്ത പുറത്ത് വന്ന് 22 മണിക്കൂറുകള്‍ക്കകമാണ് ഇത്രയും പണം ശേഖരിച്ചത്.
തങ്ങള്‍ക്ക് ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും, മനുഷ്യനിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരം സംഭവങ്ങള്‍ ഇടയാക്കുമെന്നും വൃദ്ധ ദമ്പതികള്‍ മെയില്‍ ഓണ്‍ലൈനിനോട് പറഞ്ഞു. കഴിഞ്ഞ ദിവസവും ഇതിന് സമാനമായ ഒരു വാര്‍ത്ത വന്നിരുന്നു. അമേരിക്കയിലെ ഡിറ്ററോയിറ്റില്‍ 21 കിലോ മീറ്റര്‍ നടന്ന് ജോലിക്ക് പോയി വന്നിരുന്ന ജെയിംസ് റോബേര്‍ട്ട്‌സണിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് ശേഷം അദ്ദേഹത്തിന് സംഭാവനയായി ലഭിച്ചത് 50,000 ഡോളറായിരുന്നു. ലോക്കല്‍ ഫോര്‍ഡ് ഷോറും ഇയാള്‍ക്ക് ഒരു കാര്‍ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല