വാശിയേറിയ ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നതോടെ ഇനി വരാനിരിക്കുന്ന വർഷങ്ങൾ ഡൽഹി രാഷ്ട്രീയമായി എങ്ങോട്ട് തിരിയുന്നു എന്നതിനെ കുറിച്ച് വ്യക്തമായ ചിത്രമായി. എഴുപതിൽ 67 സീറ്റും തൂത്തുവാരിയാണ് കേജ്രിവാളും കൂട്ടരും പ്രധാന എതിരാളികളായ ബിജെപിയെ ഞെട്ടിച്ചത്.
വെറും മൂന്നു സീറ്റു മാത്രമുള്ള ബിജെപിക്ക് പ്രതിപക്ഷ നേതൃ സ്ഥാനവും നഷ്ടമായി. മാത്രമല്ല ഏറെ കൊട്ടിഘോഷിക്കപ്പെട്ട മുഖ്യമന്ത്രി സ്ഥാനാർഥി കിരൺബേദി കൃഷ്ണനഗറിൽ പരാജയപ്പെടുകയും ചെയ്തു. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായ അജയ് മാക്കന് കെട്ടിവച്ച കാശു പോലും കിട്ടിയതുമില്ല.
അരവിന്ദ് കേജ്രിവാൾ എന്ന നേതാവിന്റെ ലാളിത്യത്തിനും ഊർജസ്വലതക്കുമാണ് ഈ വിജയത്തിന് ആം ആദ്മി പാർട്ടി കടപ്പെട്ടിരിക്കുന്നത്. ഏറ്റവും അടിസ്ഥാനപരമായ പ്രശ്നങ്ങൾ കൃത്യമായി കണ്ടെത്തി പ്രചാരണത്തിൽ ഉൾപ്പെടുത്തിയതും പാർട്ടിക്ക് ഗുണകരമായി.
ലോക്സഭാ തെരെഞ്ഞെടുപ്പിൽ മോഡിക്കു ചുറ്റുമുണ്ടായിരുന്ന രക്ഷക ബിംബം എന്ന ഇമേജ് മാഞ്ഞു പോയതാണ് ബിജെപിക്ക് തിരിച്ചടിയായത്. സംഘപരിവാർ സംഘടനകളുടെ നിരുത്തരവാദപരമായ ഇടപെടലുകളോട് മോഡി പുലർത്തിയ മൗനവും വോട്ടർമാരെ സ്വാധീനിച്ചു. സാമ്പത്തിക രംഗത്ത് പ്രതീക്ഷക്കപ്പെട്ടിരുന്ന അത്ഭുതങ്ങളൊന്നും സാധിക്കാൻ മോഡി സർക്കാരിന് കഴിഞ്ഞതുമില്ല.
കോൺഗ്രസ് ചായ്വ് ഉണ്ടായിരുന്ന ക്രിസ്ത്യൻ, മുസ്ലീം വോട്ടുകൾ ഇത്തവണ നേടാനായതാണ് ആം ആദ്മിയുടെ മറ്റൊരു നേട്ടം. ബിജിപിയെ പരാജയപ്പെടുത്തുക എന്ന ന്യൂനപക്ഷ താത്പര്യം ഏറ്റെടുക്കാനോ വോട്ടാക്കി മാറ്റാനോ കഴിയാതെ കോൺഗ്രസ് പരാജയപ്പെടുകയും ചെയ്തു.
പ്രചാരണത്തോടനുബന്ധിച്ച് നടന്ന വാക്പോരാട്ടങ്ങളിലാകട്ടെ, കേജ്രിവാളിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുക വഴി ബിജെപി അദ്ദേഹത്തെ എപ്പോഴും മാധ്യമങ്ങളിൽ സജീവമായി നിലനിർത്തി. വിമർശനങ്ങളോടുള്ള ക്രിയാത്മക പ്രതികരണങ്ങളിലൂടെ കേജ്രിവാൾ ആ അവസരം നന്നായി വിനിയോഗിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല