ഡെറി: നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെറി ഇടവകയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ശനിയാഴ്ച ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ തിരുകര്‍മങ്ങളില്‍ ഫാ. ഫിലിപ്പ് പന്തമാക്കല്‍, ഫാ. ആന്റണി പെരുമായന്‍, ഫാ. ജോസഫ് കറുകയില്‍ തുടങ്ങിയവര്‍ കാര്‍മികരായി. ഇടവക വികാരി ഫാ. ജോസഫ് കറുകയില്‍ കൊടിയേറ്റു നിര്‍വഹിച്ചതോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്‌നേഹവിരുന്നും നടന്നു. ഇതേസമയം വിശ്വാസികള്‍ അടിമവെച്ചും നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിച്ചും പരിശുദ്ധ അമ്മയുടെ മധ്യസ്ഥം നേടി. ഇതേത്തുടര്‍ന്ന് ഡെറി വിശ്വമാതാ കമ്യൂണിക്കേഷന്‍സിന്റെ ക്രിസ്തീയ ഗാനമേളയും നടന്നു
കൈക്കാരന്മാരായ ആന്റണി ഫിലിപ്പ്, ജോസഫ് അഗസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങളും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും ഇടവകജനവും സംയുക്തമായി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും കമ്മിറ്റിയംഗങ്ങള്‍ക്കും വികാരി ഫാ. ജോസഫ് കറുകയില്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല