1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2011

ഇന്ത്യയിലേയ്ക്ക് പുറപ്പെട്ട ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കലിനെ ഇറാന്‍ രണ്ടുമണിക്കൂര്‍ ചുറ്റിച്ചു. മെര്‍ക്കലിന്റെ വിമാനത്തിന് തങ്ങളുടെ ആകാശപരിധിയില്‍ക്കൂടി പറക്കാനുള്ള അനുമതി ഇറാന്‍ നിഷേധിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് തുര്‍ക്കിക്കുമുകളില്‍ രണ്ടുമണിക്കൂര്‍ മെര്‍ക്കലിന്റെ വിമാനം വട്ടമിട്ടുപറന്നു. സംഭവം രാജ്യാന്തര തലത്തില്‍ വലിയ വിവാദമായിക്കഴിഞ്ഞു.

ഇറാനും ഇന്ത്യയും തമ്മിലുള്ള എണ്ണ വില്‍പനയുടെ പണം ജര്‍മനിയിലുള്ള ഇറാനിയന്‍ ബാങ്കുകളിലൂടെ ഇടപാടു നടത്തുന്നതു തടയാനുള്ള ജര്‍മന്‍ തീരുമാനത്തോടുള്ള പ്രതികരണമാണിതെന്നാണ് നയതന്ത്രതലത്തിലുള്ള വിലയിരുത്തല്‍.

തികച്ചും അനുചിതമായ നടപടിയാണിതെന്നു ജര്‍മനി പ്രതികരിച്ചു. രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഗുയ്‌ഡോ വെസ്‌റ്റെര്‍വെല്‍ പറഞ്ഞു. ഇറാന്‍ നയതന്ത്രപ്രതിനിധിയെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിപ്പിച്ച് ജര്‍മനി അതൃപ്തി അറിയിയ്ക്കുകയും ചെയ്തിട്ടുണ്ട്.

ജര്‍മന്‍ സംഘത്തിന്റെ ഒരു വിമാനത്തിനു യാത്രാ അനുമതി നല്‍കിയ ഇറാന്‍ അപ്രതീക്ഷിതമായാണ് ആഞ്ചലയുടെ വിമാനത്തിനു പറക്കാന്‍ അനുമതി നിഷേധിച്ചത്.

തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇറാന്‍ ആഞ്ചലയുടെ വിമാനം കടന്നുപോകാന്‍ അനുമതി നല്‍കിയത്. നേരത്തേ തയ്യാറാക്കിയ സമയത്തില്‍ നിന്നും വ്യത്യസ്തമായി ആഞ്ചലയും സംഘവും രണ്ടു മണിക്കൂര്‍ വൈകിയാണു ദില്ലിയിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.