ബ്രിട്ടണിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതിനെയും അടിസ്ഥാ വേതനം വര്‍ദ്ധിച്ചതിനെയും പ്രശംസിച്ച് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി തന്റെ സര്‍ക്കാര്‍ നിശ്ചയദാര്‍ഡ്യത്തോടെയാണ് മുന്നോട്ടു നീങ്ങുന്നതെന്ന് പറഞ്ഞ കാമറൂണ്‍ തന്റെ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പുകഴ്ത്തി.
സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതിയിലൂടെ 2020 ആകുമ്പോഴേക്കും ഇംഗ്ലണ്ടിന്റെ കിഴക്ക് ഭാഗത്ത് 250,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ചാന്‍സിലര്‍ ജോര്‍ജ് ഓസ്ബോണ്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ ലണ്ടന്‍ പുറത്ത് വേഗത്തില്‍ വളര്‍ച്ച നേടുന്നത് ഈ ഭാഗമാണെന്നും ഇപ്പോള്‍ തന്നെ 80,000 ത്തില്‍ അധികം വാണിജ്യ സ്ഥാപനങ്ങള്‍ ഇവിടെ തുറന്നിട്ടുണ്ടെന്നും ഓസ്ബോണ്‍ പറഞ്ഞു.
ഒരു വര്‍ഷത്തിനിടെ അര മില്യണ്‍ ആളുകള്‍ക്ക് തൊഴില്‍ നേടാന്‍ സാധിച്ചുവെന്ന തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഡേവിഡ് കാമറൂണിന്റെയും ജോര്‍ജ് ഓസ്ബോണിന്റെയും പ്രതികരണം വന്നിരിക്കുന്നത്. വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് ആയുധങ്ങളില്‍ ഒന്നായി തൊഴിലില്ലായ്മ കുറഞ്ഞതും ശമ്പളം വര്‍ദ്ധിച്ചതും ഉപയോഗിക്കപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല