കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ രഹസ്യരേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ ശന്തനു സൈക്കിയ ചോര്‍ച്ച 10000 കോടി രൂപയുടെ അഴിമതിയാണെന്ന് വെളിപ്പെടുത്തി. തനിക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതുമായി ഒരു ബന്ധവുമില്ലെന്നും സൈക്കിയ പറഞ്ഞു. മുന്‍ പത്രപ്രവര്‍ത്തകനും ഇന്ധന വ്യവസസായവുമായി ബന്ധപ്പെട്ട ഒരു വെബ് പോര്‍ട്ടല്‍ നടത്തുന്നയാളുമാണ് ശന്തനു സൈക്കിയ.
ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ രണ്ട് ജോയിന്റ് സെക്രട്ടറിമാരെ ഇന്റലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്യുന്ന വേളയിലാണ് സൈക്കിയയുടെ വെളിപ്പെടുത്തല്‍. മൊഴിയെടുക്കാനായി ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ കൊണ്ടു വന്നപ്പോഴാണ് സൈക്കിയ ഇക്കാര്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്.
ധനമന്ത്രാലയത്തിലേയും പല രഹസ്യരേഖകളും ചോര്‍ന്നതായി അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന. പെട്രോളിയം, പ്രകൃതിവാതക വില നിര്‍ണയങ്ങള്‍, പെട്രോളിയം മന്ത്രാലയത്തിന്റെ ഭാവി പദ്ധതികള്‍, വിവിധ വിഷയങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യരേഖകളാണ് ചോര്‍ന്നത്.
സംഭവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇതുവരെ പന്ത്രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉദ്യോഗസ്ഥനും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. അതേസമയം പെട്രോളിയം മന്ത്രാലയത്തിലെ രഹസ്യരേഖകള്‍ കമ്പനികള്‍ക്ക് ചോര്‍ത്തി കൊടുത്തവരെ വെറുതെ വിടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രസ്താവിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല