2017 ല്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യയെ സംബന്ധിച്ചുള്ള പഠനനങ്ങള്‍ക്കും അവതരണങ്ങള്‍ക്കും ആര്‍ട്സ് കൗണ്‍സില്‍ ഇംഗ്ലണ്ട് 1.5 മില്യണ്‍ പൗണ്ട് ധന സഹായം നല്‍കും. ഈ കാലയളവില്‍ ഇന്ത്യ സന്ദര്‍ശിക്കാനും ഇന്ത്യന്‍ കലാകാരന്മാരുമായി സഹകരിച്ച് കലാവതരണങ്ങള്‍ സംഘടിപ്പിക്കാനുമാണ് സഹായം നല്‍കുക. ക്യൂറേറ്റര്‍മാര്‍ക്കാണ് ഈ സൗകര്യം ഏറെയും പ്രയോജനപ്പെടാന്‍ സാധ്യത.
കൗണ്‍സിലിന്റെ റി ഇമാജിന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ധന സഹായം. കലാരംഗത്തെ സഹകരണം, ഇന്ത്യയിലേയും ഇംഗ്ലണ്ടിലേയും കലകളുടേയും സംസ്കാരത്തിന്റേയും പ്രദര്‍ശനം, ഇംഗ്ലണ്ടില്‍ ചിതറിക്കിടക്കുന്ന ഇന്ത്യന്‍ വംശജരിലേക്ക് ഇന്ത്യന്‍ കലാരൂപങ്ങള്‍ എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
ഇതോടൊപ്പം തന്നെ ഇസ്ലാമിനേയും ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളേയും ചുറ്റിപ്പറ്റിയുള്ള അബദ്ധ ധാരണകളെ ചെറുക്കുന്നതിന് ഒരു ചിത്ര പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. യുകെയിലെ പ്രധാന ആര്‍ട്ട് ഗാലറികളായ വിറ്റ്വര്‍ത്ത്, മാഞ്ചസ്റ്റര്‍ ആര്‍ട്ട് ഗാലറി, മാഞ്ചസ്റ്റര്‍ മ്യൂസിയം എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം.
ഇന്ത്യയും മാഞ്ചസ്റ്ററും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധത്തെ പ്രതിനിധീകരിക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് വിറ്റ്വര്‍ത്ത് ഡയറക്ടര്‍ മരിയ ബാള്ഷാ പറഞ്ഞു. മൂന്നു രാജ്യങ്ങളും ഉള്‍പ്പെടുന്ന ഉപഭൂഖണ്ഡത്തിലെ കലകളുടേയും കലാകാരന്മാരുടേയും പ്രദര്ശനത്തിനിലൂടെ ബ്രിട്ടീഷുകാര്‍ ഇന്ത്യയേയും മറ്റു രാജ്യങ്ങളേയും നോക്കിക്കാണുന്ന വിധത്തെയും കാഴചപ്പാടുകളേയും സ്വാധീനിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബാള്ഷാ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല