ഏറ്റവും കൂടുതല്‍ ആഭ്യന്തര യാത്രക്കാരെ ബുദ്ധിമുട്ടിച്ച വിമാന കമ്പനിയായി എയര്‍ ഇന്ത്യ ഒന്നാമതെത്തി. ജനുവരിയിലെ കണക്കനുസരിച്ചാണിത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഓരോ മാസത്തേയും വിമാന കമ്പനികളുടെ പ്രകടനം വിലയിരുത്തി ബുദ്ധിമുട്ടിക്കല്‍ പട്ടിക തയ്യാറാക്കുന്നത്.
വിമാനം റദ്ദാക്കുകയോ കുറഞ്ഞത് രണ്ടു മണിക്കൂര്‍ വൈകിക്കുകയോ ചെയ്ത വിമാന കമ്പനികളാണ് പട്ടികയുടെ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. മേല്പറഞ്ഞ കാരണങ്ങളാല്‍ എയര്‍ ഇന്ത്യ 96,232 യാത്രക്കാരെ വിമാനത്താവളങ്ങളില്‍ കുടുക്കിയിട്ട് ബുദ്ധിമുട്ടിച്ചു. ഈ യാത്രക്കാര്‍ക്ക് നഷ്ട പരിഹാരം, വിമാനം വൈകിയതിനാല്‍ കാത്തിരിപ്പ് സൗകര്യം എന്നിവ നല്‍കുന്നതിനായി മൊത്തം 1.04 കോടി രൂപ എയര്‍ ഇന്ത്യക്ക് ചെലവഴിക്കേണ്ടി വന്നു.
75,034 യാത്രക്കാരെ വലപ്പിച്ചു കൊണ്ട് ഇന്‍ഡിഗോ എയര്‍ ഇന്ത്യക്ക് തൊട്ടു പിന്നിലെത്തി. എന്നാല്‍ എയര്‍ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പകരം കാത്തിരിപ്പ് സൗകര്യം മാത്രം ഒരുക്കി തലയൂരുകയാണ് ചെയ്തത്.
ഓരോ മാസവും യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം, റദ്ദാക്കിയ സര്‍വീസുകള്‍, വൈകിയ സര്‍വീസുകള്‍, നഷ്ട പരിഹാരം എന്നിവ സംബന്ധിച്ച് വിമാന കമ്പനികള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ യാത്രക്കാര്‍ നേരിട്ട അസൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിമാന കമ്പനികളുടെ പട്ടിക തയ്യാറാക്കുന്നത്.
ജനുവരിയില്‍ മൊത്തം 2.11 ലക്ഷം യാത്രക്കാര്‍ വിമാനം റദ്ദാക്കലോ, യാത്ര പുറപ്പെടാന്‍ വൈകിയതോ മൂലം ബുദ്ധിമുട്ടിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല