ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടനു വേണ്ടി പൊരുതി മരിച്ച 17 ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ബ്രിട്ടന്‍ സ്മാരകം പണിയുന്നു. പട്ടാളക്കരുടെ ഓര്‍മ്മക്കായുള്ള കല്ലുകള്‍ പതിച്ച് അലങ്കരിച്ച നടപ്പാതയാണ് പണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ തയ്യാറാവുന്നത്. സ്റ്റാഫോര്‍ഡ്ഷയറിലെ നാഷണല്‍ മെമ്മോറിയത്തിലാണ് നടപ്പാത.
ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടനു വേണ്ടി പൊരുതി രക്തസാക്ഷികളായി ധീരതക്കുള്ള വിക്ടോറിയ ക്രോസ് നേടിയ 145 പട്ടാളക്കാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്മാരകം. ഈ പട്ടാളക്കാര്‍ ഇന്ത്യയടക്കം 19 വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ബ്രിട്ടനിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയാണ് വിക്ടോറിയ ക്രോസ്.
ഒന്നാം ലോകയുദ്ധത്തില്‍ അവിഭക്ത ഇന്ത്യയിലെ 1.2 മില്യണ്‍ പട്ടാളക്കാര്‍ ബ്രിട്ടനു വേണ്ടി യുദ്ധക്കളത്തിലിറങ്ങിയിരുന്നു. ഇവരില്‍ 74,000 പേര്‍ കൊല്ലപ്പെട്ടു. 1914 ഓഗസ്റ്റ് 4 നാണ് ബ്രിട്ടന്‍ ജര്‍മ്മനിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയത്.
നേരത്തെ 2013 ഓഗസ്റ്റില്‍ വിക്ടോറിയ ക്രോസ് നേടിയ ബ്രിറ്റീഷുകാരും അല്ലാത്തവരുമായ പട്ടാളക്കാരെ ആദരിക്കുന്നതിനുള്ള ഒരു പദ്ധതിയെപ്പറ്റി കമ്മ്യൂണിറ്റീസ് സെക്രട്ടറി എറിക് പിക്കിള്‍സ് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓരോരുത്തരും വിക്ടോറിയ ക്രോസ് നേടിയ ക്രമം അനുസരിച്ച് അവര്‍ ജനിച്ച സ്ഥലങ്ങളിലോ യുദ്ധത്തിനു ശേഷം ജീവിച്ച സ്ഥലങ്ങളിലോ സ്മാരക ഫലകങ്ങള്‍ സ്ഥാപിക്കും.
മാര്‍ച്ച് 5 നാണ് നാഷണല്‍ മെമ്മോറിയത്തിലെ ഫലകങ്ങള്‍ അനാഛാദനം ചെയ്യുക. ഫലകങ്ങളില്‍ ശ്രദ്ധേയം ഇറാക്കില്‍ ബ്രിട്ടീഷ് സേനക്കു വേണ്ടി പോരാടി മരിച്ച ചാട്ട സിംഗിന്റേതാണ്. 1916 ജനുവരി 13 ന് ഇറാക്കിലെ പോരാട്ടത്തില്‍ അഞ്ചു മണിക്കൂറാണ് ശത്രുവിന്റെ വെടിയുണ്ടകളെ സിംഗ് സ്വന്തം ശരീര കൊണ്ട് പ്രതിരോധിച്ചത്. ഒപ്പം സ്വന്തം ക്യാപ്റ്റനെ വെടിയേല്‍ക്കാതെ കാക്കുകയും ചെയ്തു.
145 സ്മാരക ഫലകങ്ങളാണ് മാര്‍ച്ച് 5 ന് അനാഛാദനം ചെയ്യുക. ഫലകങ്ങളില്‍ പോരാളിയുടെ പേര്, പദവി, സേവനം അനുഷ്ഠിച്ച റെജിമെന്റ്, വിക്ടോറിയ ക്രോസിന് അര്‍ഹമാക്കിയ പ്രവര്‍ത്തി എന്നിവ രേഖപ്പെടുത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല