ലണ്ടനിലെ സ്കൂളില്‍നിന്നുള്ള മൂന്ന് പെണ്‍കുട്ടികള്‍ അധികൃതരുടെയും കുടുംബാംഗങ്ങളുടെയും കണ്ണ് വെട്ടിച്ച് ഐഎസില്‍ ചേരാന്‍ പോയ സംഭവം ബ്രിട്ടണില്‍ ഉയര്‍ത്തി വിട്ടിരിക്കുന്നത് വിവാദത്തിന്റെ കൊടുംകാറ്റാണ്. സര്‍ക്കാരിനെതിരെയും അധികൃതര്‍ക്കെതിരെയും ചൂണ്ടിക്കാണിക്കാനുള്ള തെറ്റുകളില്‍ ഒന്നായിട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ നോക്കി കാണുന്നത്. ബ്രിട്ടീഷ് കൗമാരക്കാര്‍ നിരന്തരമായി ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരാകുകയും സിറിയയിലേക്കും ഇറാഖിലേക്കും യാത്ര ചെയ്യുകയും ചെയ്യുന്നു.
കൗമാരക്കാര്‍ ഐഎസില്‍ ചേരാതിരിക്കുന്നതിനായി വിമാനത്താവളങ്ങളിലും, വിമാനങ്ങളിലും, അതിര്‍ത്തി സേനയിലും കൂടുതല്‍ ക്രമീകരണങ്ങള്‍ നടത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആവശ്യപ്പെട്ടു. ബ്രിട്ടണില്‍നിന്നുള്ള മൂന്ന് പെണ്‍കുട്ടികള്‍ ഐഎസില്‍ ചേരാനായി സിറിയയിലേക്ക് പോയെന്ന കാര്യം തന്നെ ഞെട്ടിച്ചുവെന്ന് എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
ഈ പ്രശ്നം പൊലീസിന്റെയും അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെയും മാത്രം ഉത്തരവാദിത്തമായി കാണാതെ കുടുംബാംഗങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മതപുരോഹിതന്മാരും കൗമാരക്കാര്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കാമറൂണ്‍ നിര്‍ദ്ദേശിച്ചു. മറ്റാരും കൂടെയില്ലെന്ന് അറിഞ്ഞിട്ടും മൂന്ന് പെണ്‍കുട്ടികള്‍ ടര്‍ക്കിയിലേക്ക് പോകുന്നത് എന്തിനാണെന്ന് പോലും എയര്‍ലൈനില്‍നിന്ന് ചോദ്യമുണ്ടായിട്ടില്ല. ഇത് നമ്മെ ചൂണ്ടിക്കാണിക്കുന്നത് അപകടകരമായ ഒരു സ്ഥിതിവിശേഷത്തെയാണെന്നും ഡേവിഡ് കാമറൂണ്‍ ഓര്‍മ്മിപ്പിച്ചു. ഈ പരിതസ്ഥിതിയും നിര്‍ഭാഗ്യകരമായ സാഹചര്യവം ഒഴിവാക്കുന്നതിനായി ബോര്‍ഡര്‍ സെക്യൂരിറ്റി സ്റ്റാഫും എയര്‍ലൈന്‍സ് അധികൃതരും വിമാനത്താവള ഉദ്യോഗസ്ഥരും സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും ഡേവിഡ് കാമറൂണ്‍ നിര്‍ദ്ദേശിച്ചു.
ഇത്തരം സാഹചര്യങ്ങളെ തിരിച്ചറിയുന്നതിനായി എയര്‍ലൈന്‍ കമ്പനികളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്കാന് കമ്പനികളോട് ഹോം സെക്രട്ടറി തെരേസ മെയ്, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി പാട്രിക് മക്ലൗഗ്ലിന്‍ എന്നിവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല