ബ്രിട്ടീഷ് സൈന്യത്തില്‍ ഒരു സിഖ് റെജിമെന്റ് ഉള്‍പ്പെടുത്താന്‍ സൈനിക തലത്തില്‍ ആലോചന നടക്കുന്നതായി പ്രതിരോധ സഹമന്ത്രി മാര്‍ക്ക് ഫ്രാങ്കോയിസ് വെളിപ്പെടുത്തി. സിഖ് യൂണിറ്റിനൊപ്പം ഒരു റിസര്‍വ് കമ്പനിയും തുടങ്ങാനുള്ള സാധ്യതയും സൈന്യം ആരായുന്നതായി ഫ്രാങ്കോയിസ് കോമണ്‍സില്‍ അറിയിച്ചു.
പട്ടാളത്തിന്റെ സമ്പന്നമായ ഭൂതകാലത്തെ ഓര്‍മ്മിക്കുവാന്‍ കൂടിയാണ് പുതിയ നീക്കമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആയിരക്കണക്കിന് സിഖുകാരാണ് ബ്രിട്ടീഷ് സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നത്. രണ്ടും ലോകമഹാ യുദ്ധങ്ങളിലും ബ്രിട്ടനു വേണ്ടി ധീരമായി പോരാടിയ സിഖുകാര്‍ 10 വിക്ടോറിയ ക്രോസുകളും നേടിയിട്ടുണ്ട്.
എന്നാല്‍ സൈന്യത്തില്‍ ഒരു സിഖ് റെജിമെന്റ് ചേര്‍ക്കാനുള്ള ശ്രമം ഇത് ആദ്യമല്ല. 2007 ഇത്തരമൊരു ശ്രമം ഉണ്ടായെങ്കിലും പട്ടാളത്തിന്റെ നടപടി വംശീയത ഉണര്‍ത്തും എന്ന വാദമുയര്‍ന്നതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
സിഖ് വംശജര്‍ തലമുറകളായി ബ്രിട്ടനു വേണ്ടി ചെയ്ത സേവനങ്ങളുടെ ആദരമായി സൈന്യം പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ പ്രതിരോധ മന്ത്രി സര് നിക്കോളാസ് സോംസ് അഭിപ്രായപ്പെട്ടു. വംശീയത സംബന്ധിച്ചുള്ള പരാതിയേക്കാള്‍ പ്രധാനം സൈന്യത്തില്‍ ഇപ്പോഴുള്ള വിടവ് നികത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവില്‍ ബ്രിട്ടീഷ് സൈന്യത്തില്‍ സിഖ് പ്രാതിനിധ്യം തീരെ കുറവാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 160 പേരാണ് സൈന്യത്തില്‍ വിവിധ റാങ്കകളില് ഉള്ളത്. കഴിഞ്ഞ വര്‍ഷം സൈന്യത്തിലെ സിഖ് ഓഫീസര്‍മാര്‍ ചേര്‍ന്ന് ഒരു അസോസിയേഷനും രൂപീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല