കോണ്‍ഗ്രസ് എംപി രേണുകാ ചൗധരി ഷോപ്പിംഗിനു പോയതിനാല്‍ ഡല്‍ഹി ഹൈദരാബാദ് എയര്‍ ഇന്ത്യ വിമാനത്തിന് നഷ്ടപ്പെട്ടത് 45 മിനുട്ട്. എയര്‍ ഇന്ത്യയുടെ ചിക്കാഗോ ഡല്‍ഹി ഹൈദാരാബാദ് വിമാനത്തിലെ യാത്രക്കാരാണ് എംപിയുടെ ഷോപ്പിംഗ് കാരണം ബുദ്ധിമുട്ടിലായത്. വിമാനത്തില്‍ ഒരു കേന്ദ്രമന്ത്രിയും ഒരു സുപ്രീം കോടതി ജഡ്ജിയും യാത്രക്കാരായി ഉണ്ടായിരുന്നു.
വിമാനം പുറപ്പെടേണ്ട സമയം കഴിഞ്ഞിട്ടും രേണുകാ ചൗധരി പ്രത്യക്ഷപ്പെടാതിരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ തുടര്‍ച്ചയായി അനൗണ്‍സ്മെന്റ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചൗധരിയുടെ ബാഗുകള്‍ നേരത്തെ തന്നെ വിമാനത്തിനുള്ളില്‍ എത്തിച്ചു കഴിഞ്ഞതിനാല്‍ കാത്തിരിക്കുകയല്ലാതെ എയര്‍ ഇന്ത്യക്ക് മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല.
ഈ സമയമത്രയും ചൗധരി വിമാനത്താവളത്തില്‍ ഷോപ്പിംഗ് നടത്തുകയായിരുന്നു എന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ചൗധരി എത്തിച്ചേര്‍ന്നപ്പോഴാകട്ടെ പൈലറ്റിന് ടേക് ഓഫിനായി എയര്‍ ട്രാഫിക് കണ്ട്രോളര് നല്കിയ സമയപരിധി കഴിയുകയും ചെയ്തു.
എന്നാല്‍ എയര്‍ ഇന്ത്യയുടെ ആരോപണങ്ങള്‍ ചൗധരി നിഷേധിച്ചിട്ടുണ്ട്. താന്‍ ഷോപ്പിംഗിന് പോയെന്ന് ആരോപിക്കുന്നവര്‍ അത് എവിടെയാണെന്ന് കൂടി വ്യക്തമാക്കണമെന്ന് ചൗധരി പറഞ്ഞു. തന്നെ ഡിപാര്‍ച്ചര്‍ ഗേറ്റിലേക്ക് കൊണ്ടുപോകാന്‍ വന്ന വാഹനമാണ് വൈകിയതെന്ന് അവര്‍ ആരോപിച്ചു. ഈ ആരോപണം തീര്‍ത്തും അസംബന്ധമാണെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് യാത്രക്കാരുടെ ബാഗുകള്‍ക്ക് ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യക്ക് നിര്‍ദ്ദേശം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല