ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ മതബോധനസ്‌ക്കൂളിലെ കുട്ടികളുടെ മാതാപിതാക്കല്‍ക്കുവേണ്ടി വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തപ്പെട്ടു. ഫെബ്രുവരി 21ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് വികാരി ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മ്മികത്വതില്‍ നടന്ന വിശുദ്ധകുര്‍ബ്ബാനക്കുശേഷം പാരിഷ് ഹാളില്‍ വച്ചാണ് സെമിനാര്‍ നടത്തപ്പെട്ടത്. അസിസ്റ്റന്റ് വികാരി ഫാ.സുനി പടിഞ്ഞാറെക്കര പവര്‍പോയിന്റ് പ്രെസന്റേഷനിലൂടെ സെമിനാറിന് നേതൃത്വം നല്‍കി.
സഭയുടെ അടിസ്ഥാനഘടകമായ കുടുംബത്തില്‍ നിന്നും വിശ്വാസപരിശീലനം ആരംഭിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ബഹു.സുനി അച്ചന്‍ ലളിതമായ ശൈലിയില്‍ വിവരിച്ചു. കുടുംബം കുട്ടികളുടെ പ്രാഥമിക വിദ്യാലയവും മാതാപിതാക്കള്‍ പ്രാഥമിക അദ്ധ്യാപകരുമാണ്. വളര്‍ന്നുവരുന്ന തലമുറ സ്വായത്തമാക്കേണ്ട നല്ല ഗുണങ്ങളും ജീവിതമൂല്യങ്ങളും അച്ചടക്കവും നേടിയെടുക്കേണ്ടത് പ്രധാനമായും കുടുംബത്തില്‍നിന്നാണ്. മലയാള സംസ്‌ക്കാരത്തിന്റെയും പാശ്ചാത്യ സംസ്‌ക്കാരത്തിന്റെയും നല്ല വശങ്ങള്‍ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ പകര്‍ന്ന് നല്‍കണം. ഫാ. സുനി വിശദീകരിച്ചു. കുടുംബപ്രാര്‍ത്ഥനയുടെ ആവശ്യകതയും ആധുനിക വിവരസാങ്കേതിക മാര്‍ഗ്ഗങ്ങളുടെ അതിപ്രസരം മൂലം ഉണ്ടായേക്കാവുന്ന ദൂഷ്യങ്ങളും അച്ചന്‍ പ്രതിപാദിച്ചു. കുടുംബത്തിന്റെ ഭദ്രതയ്ക്കും കുട്ടികളുടെ നന്മക്കും ഉതക്കുന്ന ഒത്തിരിയേറെ കാര്യങ്ങള്‍ മനോഹരമായി അടുക്കോടും ചിട്ടയോടും അവതരിപ്പിച്ച സുനി അച്ചന് മാതാപിതാക്കള്‍ നന്ദി രേഖപ്പെടുത്തി.
സെമിനാറിന്റെ ക്രമീകരണങ്ങള്‍ക്ക് മതബോധനസ്‌ക്കൂള്‍ ഡയറക്ടര്‍മാര്‍, മതാദ്ധ്യാപകര്‍, പേരന്റ് വോളിന്റിയേഴ്‌സ്, ചര്‍ച്ച് എക്‌സിക്യൂട്ടീവ് എന്നിവര്‍ നേതൃത്വം നല്‍കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല