1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2015

അതിസാഹസികമായ ശസ്ത്രക്രിയയിലൂടെ നെഞ്ചും വയറും ഒട്ടിച്ചേര്‍ന്ന് സയാമീസ് ഇരട്ടകളെപ്പോലെ ജനിച്ച കുഞ്ഞുങ്ങളെ പരസ്പരം വേര്‍പെടുത്തി. അമേരിക്കയിലെ ടെക്‌സാസിലെ കുട്ടികളുടെ ആശുപത്രിയിലായിരുന്നു അതി സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. ഏകദേശം 26 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളെ വേര്‍പെടുത്തിയതെന്ന ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.

ലുബ്ബോക്ക് സ്വദേശികളായ ജോണ്‍ എറിക്കിന്റേയും എലൈസയുടേയും പത്ത് മാസം പ്രായമുള്ള പെണ്‍കുട്ടികളായ നഥാലൈന്‍ ഹോപ്പിനും ,അഡെലെയ്ന്‍ ഫെയ്തിനുമായിരുന്നു ശസ്ത്രക്രിയ. കുട്ടികള്‍ സുഖപ്പെട്ടു വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ ടെക്‌സാസ് ആശുപത്രിയിലായിരുന്നു നഥാലൈന്റേയും അഡെലെയ്‌ന്റേയും ജനനം. നെഞ്ചും വയറും ഒട്ടിച്ചേര്‍ന്ന രീതിയില്‍ ജനിച്ച ഇരട്ടകള്‍ക്ക് ശ്വാസകോശം, കരള്‍, കുടല്‍, ഇടുപ്പ് തുടങ്ങിയ ഭാഗങ്ങള്‍ ഒന്നായിരുന്നു. കുട്ടികളെ വേര്‍പെടുത്തണമെന്ന മാതാപിതാക്കളുടെ ആവശ്യപ്രകാരം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറാകുകയായിരുന്നു.

12 സര്‍ജന്മാര്‍, ആറ് അനെസ്‌തേഷ്യോളജിസ്റ്റ്, എട്ട് നഴ്‌സുമാര്‍ എന്നിവര്‍ സര്‍ജറിക്കായി ഒരുങ്ങി. തുടര്‍ന്ന് നടന്ന 26 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ നഥാലൈനും അഡെലെയ്‌നും വേര്‍പെട്ടു. ലോകത്തു തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ വിജയകരമായി നടക്കുന്നതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു.

തന്റെ മക്കള്‍ക്ക് വേര്‍പെട്ട് ജീവിക്കാന്‍ അവസരമൊരുക്കി തന്ന ഡോക്ടര്‍മാരോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ലെന്ന് കുട്ടികളുടെ മാതാവ് പറഞ്ഞു. എത്രത്തോളം സമയവും മുന്‍കരുതലും ഈ ശസ്ത്രക്രിയക്ക് മുന്നോടിയായി സ്വീകരിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. ഡോക്ടര്‍മാരും ശിശു വിദഗ്ധരും മറ്റുമുള്ള ടെക്‌സാസ് പോലൊരു നഗരത്തില്‍ താമസിക്കാന്‍ പറ്റിയത് ഞങ്ങളുടെ ഭാഗ്യമാണ്. അല്ലായിരുന്നെങ്കില്‍ സ്വപ്‌നസാക്ഷാത്കാരം സാധ്യമാകില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.

ശസ്ത്രക്രിയ നടത്തുന്നതിനായി ഒരു മാസം മുന്നെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കുട്ടികളുടെ ത്വക്കുകള്‍ വികസിക്കുന്നതിനായി ഒരു മാസം മുന്‍പ് ടിഷ്യു എക്‌സ്പാന്‍ഡേഴ്‌സ് വെച്ചിരുന്നു.

ഈ അവസ്ഥയിലുള്ള കുട്ടികളെ വേര്‍പ്പെടുത്തുന്നത് വിജയകരമാകുന്നത് ഇതാദ്യമാണെന്ന് പീഡിയാട്രിക് സര്‍ജന്‍ ഡോ. ഡാരല്‍ കാസ് പറഞ്ഞു. നിരവധി അവയവങ്ങള്‍ പങ്കിടുകയായിരുന്ന പെണ്‍കുട്ടികളുടെ ശസ്ത്രക്രിയക്ക് റിസ്‌ക് ഇല്ലാതെയല്ല ഇറങ്ങി പുറപ്പെട്ടത്. അപകടം മുന്നില്‍ കണ്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇതിനായി തയാറെടുപ്പ് നടത്തുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.