1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2015

ഒഡിഷയിലെ കുജാങ്ങിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രത്യേകത അവിടത്തെ തൂപ്പുകാരനു പോലും പ്രസവമെടുക്കാന്‍ അറിയാം എന്നതാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രസവിച്ച യുവതിക്ക് തൂപ്പുകാരന്‍ തുന്നലിട്ടത്. സംഭവം പുറത്തായതോടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍.

ബൗലാങ് ഗ്രാമവാസിയായ അമിത മാലിക് എന്ന യുവതിയാണ് തൂപ്പുകാരന്റെ സഹായ മനോഭാവത്തിന് ഇരയായത്. സാധാരണ പ്രസവത്തിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും അമിതക്ക് പ്രസവശേഷമുള്ള തുന്നലിടാന്‍ ഡോക്ടര്‍ സ്ഥലത്തില്ലായിരുന്നു.

പ്രസവമെടുത്ത നഴ്‌സിനാകട്ടെ തുന്നലിടാന്‍ അറിയുകയുമില്ല. എന്തു ചെയ്യണമെന്നറിയാതെ നഴ്‌സ് കുഴങ്ങി നില്‍ക്കുമ്പോഴാണ് ആശുപത്രിയിലെ തൂപ്പുകാനായ ഗോപി സഹായ ഹസ്തവുമായെത്തിയത്.

എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ സംഭവം അറിഞ്ഞപ്പോള്‍ ബഹളം വക്കുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. സംഭവം അറിഞ്ഞ് ഓടിയെത്തിയ ഗൈനക്കോളജിസ്റ്റ് പ്രമോദ് കുമാര്‍ നായക്ക് സ്റ്റിച്ച് പരിശോധിച്ച് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തി.

സംഭവം വിവാദമായിട്ടും തുന്നലിട്ട കാര്യം ഗോപി നിഷേധിച്ചില്ല. പ്രസവ ശേഷം യുവതിക്ക് അമിത രക്തസ്രാവം ഉണ്ടായതിനാല്‍ തുന്നലിടുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു എന്നാണ് ഗോപിയുടെ നിലപാട്.

എന്നാല്‍ ഗോപി തനിച്ചല്ല തുന്നലിട്ടതെന്നും മറിച്ച് നഴ്‌സിനെ സഹായിക്കുക മാത്രമേ ചെയ്തുള്ളുവെന്നും മെഡിക്കല്‍ ഓഫീസര്‍ വിശദീകരിച്ചു. അഞ്ചു ഡോക്ടര്‍മാര്‍ വേണ്ട കുജാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ മൂന്നു ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.