കണ്‍സര്‍വെറ്റീവ് പാര്‍ട്ടി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ എംപി സ്ഥാനവും രാജി വെയ്ക്കാന്‍ ഒരുങ്ങുകയാണ് ടോറി പാര്‍ട്ടിയിലെ നേതാവ് മാല്‍ക്കോം റിഫ്കിന്‍ഡ്. മുന്‍ ബ്രിട്ടീഷ് ഫോറിന് സെക്രട്ടറി കൂടിയായിരുന്ന റിഫ്കിന്‍ഡ് എംപി സ്ഥാനത്തിനൊപ്പം പാര്‍ലമെന്ററി ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി അധ്യക്ഷ സ്ഥാനവും ഒഴിയും.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അപലപനീയമാണെങ്കിലും പാര്‍ട്ടിക്കും താന്‍ പ്രതിനിധാനം ചെയ്യുന്ന കെന്‍സിംഗ്ടണ്‍ മണ്ഡലത്തിനും നല്ലത് താനിനി മത്സരിക്കാതിരിക്കുന്നതായിരിക്കുമെന്ന് റിഫ്കിന്‍ഡ് പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും കോണ്‍സ്റ്റിറ്റിയുവെന്‍സി അസോസിയേഷനോ പാര്‍ട്ടിയോ തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും റിഫ്കിന്‍ഡ് മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ചാനല്‍ 4 ന്റെയും ഡെയിലി ടെലിഗ്രാഫിന്റെയും ഒളിക്യാമറ ഓപ്പറേഷന് അപലപനീയമാണെന്നും അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ നിന്ന് വിരമിക്കുകയാണെങ്കിലും മുന്‍പ് ചെയ്തിരുന്നത് പോലെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് നീങ്ങുമെന്നും റിഫ്കിന്‍ഡ് പറഞ്ഞു.
ചാനല്‍ ഫോറും ഡെയിലി ടെലിഗ്രാഫും ചേര്‍ന്ന് നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ തങ്ങള്‍ക്ക് ഈ ലോകത്തെ ഏത് അംബാസിഡറെയും സ്വാധീനിക്കാന്‍ സാധിക്കുമെന്നും കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുമെന്നും പറയുന്ന ദൃശ്യങ്ങളുണ്ട്. ചൈനീസ് കമ്പനിയുടെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് മാധ്യമ പ്രവര്‍ത്തകര്‍ രണ്ട് എംപിമാരെ സമീപിച്ചത്. താനിത് ആദ്യമായിട്ടല്ല ചെയ്യുന്നതെന്നും ഇതിന് മുന്‍പ് ഇതുപോലെ പലരെ സഹായിച്ചിട്ടുണ്ടെന്നും എംപി പറയുന്നുണ്ട്. എംപിമാര്‍ക്ക് ലഭിക്കുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് സ്വന്തമായി വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണെന്നും എംപി പറയുന്നതായി വീഡിയോയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല