2013 14 കാലയളവില്‍ പാര്‍ട്ടി സ്വീകരിച്ച സംഭാവനകളെ സംബന്ധിച്ച് ബിജെപി തെരെഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കണക്കുകളില്‍ തിരിമറിയുള്ളതായി കണ്ടെത്തി. നാലു ലക്ഷം രൂപയുടെ അജ്ഞാത സംഭാവനകളാണ് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഒപ്പം ഒരു ചെക്ക് തന്നെ ഉപയോഗിച്ച് വിവിധ ഇടപാടുകള്‍ നടന്നതായും അസോസിയേഷന് കണ്ടെത്തി. ഒരേ ചെക്ക് നമ്പറില്‍ മൂന്ന് ജോഡി ഇടപാടുകളാണ് നടന്നിരിക്കുന്നത്. പൂനെയിലെ യേര്‍വാഡയിലുള്ള എ ടു സെഡ് എന്ന കമ്പനി നല്കിയ 84 ലക്ഷം രൂപ, ജുമാന ഗുലാം വഹന്മതി എന്നയാള്‍ നല്കിയ 20 ലക്ഷം രൂപ, രവി ഡെവലപ്മെന്റ് എന്ന കമ്പനി നല്കിയ 7.5 ലക്ഷം രൂപ എന്നീ സംഭാവനകള്‍ ഒരേ ചെക്ക് നമ്പറിലാണ് കാണിച്ചിരിക്കുന്നത്.
പ്രവീണ്‍ കുമാര്‍ എന്നയാള്‍ നല്കിയ അഞ്ചു ലക്ഷം കണക്കുകളിലുണ്ട്. എന്നാല്‍ ഇയാളുടെ വിലാസമോ മറ്റു രേഖകളോ ലഭ്യമല്ല. എന്നാല്‍ ചെക്ക് നമ്പറിലെ പിശക് അച്ചടിത്തെറ്റ് ആണെന്നാണ് ബിജെപിയുടെ നിലപാട്. പാര്‍ട്ടി അക്കൗണ്ടുകളിലെ തെറ്റ് കണ്ടുപിടിച്ച് ഉടന്‍ തന്നെ വിശദീകരണം നല്‍കുമെന്നും നേതൃത്വം അറിയിച്ചു.
തെരെഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്ക് മൊത്തം 157.84 കോടി രൂപയാണ് വിവിധ ബിസിനസ് ഗ്രൂപ്പുകളില്‍ നിന്ന് ലഭിച്ചത്. 20,000 രൂപക്ക് മുകളില്‍ സംഭാവന നല്‍കിയിരിക്കുന്നത് വ്യക്തികളാണ്. 772 വ്യക്തികളില്‍ നിന്നായി 12.99 കോടി രൂപയാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ദേശീയ പാര്‍ട്ടികളില്‍ എല്ലാവര്‍ക്കുമായി ലഭിച്ച ആകെ തുകയുടെ 69% കിട്ടിയത് ബിജെപിക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല