സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് തീഗോളം കണ്ടതായും ഇടിമുഴക്കം കേട്ടതായും നാട്ടുകാര്‍ അവകാശപ്പെട്ടു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് ആകാശത്ത് തീഗോളം പ്രത്യക്ഷപ്പെട്ടത്. നേരിയ ഭൂമി കുലുക്കം ഉണ്ടായെന്നും വാര്‍ത്തകളുണ്ട്. ആദ്യം ഏറണാകുളം ജില്ലയിലാണ് തീഗോളം പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീഗോളത്തെ കണ്ടതായി ദൃക്സാക്ഷികള്‍ അവകാശപ്പെട്ടു.
ആകാശത്തു നിന്ന് തീപിടിച്ച ഗോളാകൃതിയുള്ള ഒരു വസ്തു അതിവേഗത്തില്‍ താഴേക്ക് പതിക്കുന്നതാണ് കണ്ടെതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തൊട്ടു പിന്നിലായി ഒരു ഇടിമുഴക്കവും കേട്ടു. എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലും പറവൂര്‍ പട്ടണത്തിലും കല്ലു പോലുള്ള ഒരു വസ്തു വന്നു വീണതായി നാട്ടുകാര്‍ പറഞ്ഞു.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലും തീഗോളം ദൃശ്യമായി. എന്നാല്‍ ഈ ജില്ലകളില്‍ സ്ഥാപിച്ചിട്ടുള്ള ഭൂകമ്പ മാപിനികളില്‍ ഭൂകമ്പം ഉണ്ടായതായി സൂചനകള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എംജി രാജമാണിക്യം പറഞ്ഞു. തിരുവനന്തപുരം കാലവസ്ഥ നിരീക്ഷണ കേന്ദ്രവും ഭൂകമ്പ സാധ്യത തള്ളിക്കളഞ്ഞു.
അതേസമയം കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കണ്ട തീഗോളം റോക്കറ്റിന്റേയോ ഉപഗ്രഹത്തിന്റേയോ അവശിഷടങ്ങള്‍ ആകാനാണ് സാധ്യതയെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ചൈനയുടെ ഉപേക്ഷിക്കപ്പെട്ട നൊറാഡ് 4063 എന്ന റോക്കറ്റിന്റെ ഭാഗങ്ങള്‍ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ ഉല്‍ക്ക വീഴും പോലെ പതിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ തീഗോളവും ഇതാകാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല