ഇന്‍ഷുറന്‍സ് തുകക്കായി രണ്ടാം ഭാര്യയെ കൊന്ന് കാറിന്റെ ഡിക്കിയില്‍ തള്ളിയ പ്രതിക്ക്
25 വര്‍ഷം തടവു ശിക്ഷ ലഭിച്ചേക്കും. 61 കാരനായ പിയര്‍ ലെഗ്രിസാണ് ചൈനക്കാരിയായ നഴ്സ് റൂയി ലിയെ കൊലപ്പെടുത്തി കാറിന്റെ ഡിക്കിയില്‍ ഒരാഴ്ച ഒളിപ്പിച്ചത്. ലിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈക്കലാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
അറ്റം പരന്ന ഒരു ഉപകരണം കൊണ്ട് തലക്കടിച്ചാണ് ലെഗ്രിസ് ലിയെ അക്രമിച്ചത്. തുടര്‍ന്ന് ലിയെ ജീവനോടെ തന്നെ ഒരു ഷീറ്റില്‍ പൊതിഞ്ഞ് ഇരുവരും ഒരുമിച്ചു താമസിച്ചിരുന്ന വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. ലിയുടെ ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹമാണ് ഒരാഴ്ചക്കു ശേഷം ഒരു കാറിന്റെ ഡിക്കിയില്‍ നിന്ന് പോലീസ് കണ്ടെടുത്തത്.
ലിയെ തലക്കടിച്ചതിന്റെ പിറ്റേ ദിവസം തന്നെ ലെഗ്രിസ് തന്റെ ആദ്യ ഭാര്യയുമായി ഒരു നൃത്ത മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. സാമ്പത്തിക പ്രശ്നങ്ങള്‍ക്കൊപ്പം, ചൈനയില്‍ നിന്ന് ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ലിയുടെ തീരുമാനമാണ് അവരെ ഇല്ലാതാക്കാന്‍ ലെഗ്രിസിനെ പ്രേരിപ്പിച്ചതെന്ന് കേസിന്റെ വാദം കേള്‍ക്കവെ വിഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി നിരീക്ഷിച്ചു.
നേരത്തെ ലെഗ്രിസിനുമേല് ബഹുഭാരാത്വത്തിന് കേസെടുത്തിരുന്നു. ലെഗ്രിസിനെ കൊലപാതകം ഒളിച്ചു വക്കാന്‍ സഹായിച്ചു എന്ന കുറ്റത്തിന് ഒന്നാം ഭാര്യ ഐറീന് സ്മിത്തിന് മൂന്നു വര്‍ഷം തടവ് ലഭിച്ചു. ലെഗ്രിസ് ദമ്പതികളുടെ മകന് ജോനാഥന് ലെഗ്രിസിനും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന കുറ്റത്തിന് രണ്ടു വര്‍ഷം തടവ് ലഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല