1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2015

സ്വകാര്യ മേഖലയിലെ കൈക്കൂലി തടയാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. ഐക്യരാഷ്ട്ര സഭയുടെ അഴിമതി വിരുദ്ധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ നടപടി. ഇന്ത്യയില്‍ പൊതു മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും ഈ നിയമം ബാധകമായിരിക്കും.

സ്വകാര്യ മേഖലയിലെ അഴിമതി ക്രിമിനല്‍ കുറ്റമാക്കുന്നതിനായി ഇന്ത്യന്‍ പീനല്‍ കോഡ് പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്. ഇതിനായുള്ള ബില്ലിന്റെ ആദ്യ രൂപം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സമ്പൂര്‍ണ അഴിമതി വിരുദ്ധ രാജ്യമാകുന്നതതിന് ഐക്യരാഷ്ട്ര സഭ നിഷ്‌കര്‍ഷിക്കുന്ന എല്ലാ നിബന്ധനകളും ഇന്ത്യ പൂര്‍ത്തിയാക്കും.

നേരത്തെ 2011 ല്‍ പ്രിവന്‍ഷന്‍ ഓഫ് ബ്രൈബറി ഓഫ് ഫോറിന്‍ പബ്ലിക് ഒഫിഷ്യല്‍സ് ആന്‍ഡ് ഒഫിഷ്യല്‍സ് ഓഫ് പബ്ലിക് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍സ് ബില്‍ എന്ന പേരില്‍ ഒരു ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ 15മത് ലോക്‌സഭ പിരിച്ചു വിട്ടതോടെ ആ ബില്ലും അപ്രസക്തമായി.

നിലവിലുള്ള അഴിമതി വിരുദ്ധ നിയമം പടര്‍ന്നു പിടിക്കുന്ന അഴിമതി തടയാന്‍ തീര്‍ത്തും അപര്യാപ്തമാണെന്ന ആക്ഷേപം വര്‍ധിച്ചു വരികയാണ്. റിലയന്‍സ് കൂടി ഉള്‍പ്പെട്ട കോര്‍പ്പറേറ്റ് കോഴ വിവാദം പുറത്തായ സാഹചര്യത്തില്‍ സ്വകാര്യ മേഖലയെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയും വിധം അഴിമതി വിരുദ്ധ നിയമത്തെ പരിഷ്‌കരിക്കാനും കര്‍ശനമായി നടപ്പിലാക്കാനും നിര്‍ബന്ധിതരായിരിക്കുകയാണ് സര്‍ക്കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.