കാലപ്പഴക്കം മൂലം ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരം തകര്‍ച്ചാ ഭീഷണി നേരിടുന്നതായി ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍. അറ്റകുറ്റ പണികള്‍ നടത്തിയില്ലെങ്കില്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ പാര്‍ലമെന്റിന് പുതിയ കെട്ടിടം നോക്കേണ്ടി വരുമെന്നും സ്പീക്കര്‍ ജോണ്‍ ബെര്‍കോവ് പറഞ്ഞു.
ഗ്രേഡ് ഒന്ന് വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന കെട്ടിടം എത്രയും പെട്ടന്ന് അറ്റകുപ്പണികള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എകദേശം 3 ബില്യണ്‍ പൗണ്ടാണ് അറ്റകുറ്റ പണികളുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
ഹൗസ് ഓഫ് കോമ്മണ്‍സും ഹൗസ് ഓഫ് ലോര്‍ഡ്‌സും നിലകൊള്ളുന്ന വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് കെട്ടിടം 1840 ല്‍ പണികഴിപ്പിച്ചതാണ്. കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം അവഗണിക്കപ്പെടുകയായിരുന്നു. കെട്ടിടം അറ്റകുറ്റ പണികള്‍ നടത്തിയിട്ട് ഇപ്പോള്‍ വര്‍ഷങ്ങളായി.
പുതിയ കാലത്തിന് യോജിക്കുന്ന വിധത്തില്‍ വിക്ടോറിയന്‍ പാരമ്പര്യത്തെ പുനര്‍നിര്‍മ്മിക്കുന്ന ഒരു സമീപനമാണ് പാര്‍ലമെന്റ് കെട്ടിടത്തിന്റെ കാര്യത്തില്‍ വേണ്ടതെന്ന് ബെര്‍കോവ് ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് കെട്ടിടത്തിന് അടുത്തുള്ള വെസ്റ്റ്മിനിസ്റ്റര്‍ കൊട്ടാരം തീ പിടിച്ച് നശിച്ചതിന്റെ ഇരുനൂറാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം.
രണ്ടാം ലോക മഹായുദ്ധത്തില്‍ പാര്‍ലമെന്റ് കെട്ടിടത്തിനു നേരെ ജര്‍മ്മന്‍ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചിരുന്നു. അക്രമണത്തില്‍ ഹൗസ് ഓഫ് കോമ്മണ്‍സിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കെട്ടിടത്തിന് അവസാനമായി അറ്റകുറ്റ പണികള്‍ നടത്തിയതും അപ്പോഴാണെന്ന് ചരിത്രം പറയുന്നു.
എട്ട് ഏക്കറുകളിലായി പരന്നു കിടക്കുന്ന കെട്ടിടത്തില്‍ 1,100 മുറികളും, 100 കോണിപ്പടികളും, 4.8 കിലോമീറ്റര്‍ നീളം വരുന്ന ഇടനാഴികളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല