പ്രത്യേക ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യയിലെ മുസ്ലീങ്ങളോട് ശിവസേനാ ആഹ്വാനം.സംഘടനയുടെ മുഖപത്രമായ സാംനയിലാണ് ആഹ്വാനം പ്രത്യക്ഷപ്പെട്ടത്.
മഹാരാഷ്ട്രയില്‍ മറാഠികള്‍ക്ക് തുല്യമായ സംവരണം മുസ്ലീങ്ങള്‍ക്കും നല്‍കണമെന്ന ആള് ഇന്ത്യാ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം.) നേതാവ് അസദുദീന് ഓവൈസിയുടെ വിവാദ പ്രസംഗത്തോടുള്ള പ്രതികരണമായിരുന്നു സാംനയുടെ ആഹ്വാനം.
മുസ്ലീങ്ങള്‍ക്ക് മറാഠികള്‍ക്ക് തുല്യമായ സംവരണം വേണമെന്നാണ് ഒവൈസി ശാഠ്യം പിടിക്കുന്നത്. ഇത്തരം ശാഠ്യങ്ങളാണ് ഇന്ത്യാ പാകിസ്ഥാന് വിഭന്നത്തിന് വഴിയൊരുക്കിയത്. പാകിസ്ഥാന് രൂപീകരണ സമയത്ത് ഹിന്ദു വിരുദ്ധരായവര്‍ ചേര്‍ന്ന് ആ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ഈ സാഹചര്യത്തില്‍ മതപരമായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കൂടുതല്‍ അനുയോജ്യം പാകിസ്ഥാനാണ്. അതിനാല്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോയി മതപരമായ ആനുകൂല്യങ്ങള്‍ കൈപറ്റാവുന്നതാണെന്നും പത്രം പറയുന്നു. പാവപ്പെട്ട ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുക അവര്‍ മുസ്ലീങ്ങള്‍ ആയതു കൊണ്ടല്ല, മറിച്ച് ഇന്ത്യന്‍ പൗരന്മാര് ആയതു കൊണ്ടാണ്.
മതപരമായ കാര്യങ്ങള്‍ക്ക് ഒച്ച വച്ചിട്ട് കാര്യമില്ല. ആദ്യം ഏകീകൃത സിവില്‍കോഡിനെ അംഗീകരിക്കാനും ബഹുമാനിക്കാനും മുസ്ലീങ്ങള്‍ തയ്യാറാവണം. കൂടാതെ കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തുടരണമെന്ന ആവശ്യം പിന്‍വലിക്കണമെന്നും സാംന മുസ്ലീങ്ങളോട് നിര്‍ദേശിക്കുന്നു.
ഒവൈസിയുടെ പ്രസംഗം രാജ്യദ്രോഹമാണെന്നും മഹാരാഷ്ട്രയില്‍ വര്‍ഗീയ കലാപം ഇളക്കിവിടാന്‍ ഒവൈസി കരാര്‍ എടുത്തിട്ടുണ്ടോ എന്ന് അന്വേഷണം നടത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല