ലണ്ടനില്‍നിന്നുള്ള മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോയ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. പെണ്‍കുട്ടികളുടെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടി സിറിയയിലേക്ക് പോയതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്ര ഗൗരവകരമായ ഒരു കാര്യത്തിന്റെ പേരില്‍ ചോദ്യം ചെയ്തിട്ടും ആ വിവരും കുടുംബാംഗങ്ങളെ അറിയിക്കാതിരുന്നതിലാണ് ഇപ്പോള്‍ പൊലീസ് വിമര്‍ശിക്കപ്പെടുന്നത്.
എന്നാല്‍ ഇതിന് പൊലീസ് നല്കുന്ന മറുവാദം ഈ കുട്ടികളെ അത്ര ഭീഷണിയായി കണ്ടില്ലെന്നാണ്. ബെഥ്നാല് ഗ്രീന്‍ അക്കാഡമിയിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ മൂന്ന് പേരും ഇവരുടെ സുഹൃത്തായ ഈ സ്കൂളില്‍ തന്നെ പഠിച്ച മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്താലാണ് സിറിയയിലേക്ക് പോയത്. ഫെബ്രുവരി 17ന് ലണ്ടനില്‍നിന്ന് ടര്‍ക്കിയിലെത്തിയ അവര്‍ അവിടെനിന്നും സിറിയയിലേക്ക് അതിര്‍ത്തി വഴി കടന്നതായാണ് സൂചന.
മൂന്ന് പെണ്‍കുട്ടികളെയും ചോദ്യം ചെയ്ത ശേഷം പൊലീസ് അധികൃതര്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നതിനായി എഴുത്ത് നല്കി. എന്നാല്‍ കുട്ടികള്‍ ഇത് മാതാപിതാക്കളില്‍നിന്ന് മറച്ചുപിടിച്ചു. ഇവര്‍ സിറിയയിലേക്ക് പുറപ്പെട്ട ശേഷം ഇവരുടെ മുറിയില്‍നിന്ന് ഈ എഴുത്തുകള്‍ കണ്ടെത്തുകയും ചെയ്തു. ഈ എഴുത്തുകളുമായി പൊലീസ് അധികാരികള്‍ എന്ത് കൊണ്ട് മാതാപിതാക്കളെ നേരിട്ട് സമീപിച്ചില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
ഡിസംബറില്‍ സിറിയയിലേക്ക് പോയതായി പറയപ്പെടുന്ന പെണ്‍കുട്ടി ഐഎസില്‍ ചേര്‍ന്നെന്ന കാര്യം തങ്ങളോട് പൊലീസ് അറിയിച്ചിട്ടില്ലെന്ന് സ്കൂള്‍ അധികൃതരും പറയുന്നു. ഇത് അറിയുകയാണെങ്കില്‍ മറ്റ് കുട്ടികളുടെ മേല്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടോ എന്ന് ശ്രദ്ധിക്കാമായിരുന്നെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല