ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഓണ്‍ലൈന്‍ വാര്‍ത്താ പ്രചാരണം നടത്തുന്നത് 46,000 ട്വിറ്റര്‍ അക്കൗണ്ടുകളെന്ന് പഠനം. 2014 ലെ അവസാന മൂന്നു മാസത്തെ കണക്കുകള്‍ ആധാരമാക്കിയായിരുന്നു പഠനം. യഥാര്‍ഥ അക്കൗണ്ടുകളുടെ സംഖ്യ ഇതിലും കൂടുതലാകാനാണ് സാധ്യതയെന്ന് പഠനം നടത്തിയ ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിട്യൂട്ട് പറയുന്നു.
ഇറാക്കിലും സിറിയയിലുമായി ചിതറിക്കിടക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രങ്ങളിലാണ് അക്കൗണ്ടുകള്‍ക്ക് ഏറ്റവും കൂടുതല്‍ പിന്തുടര്‍ച്ചക്കാരുള്ളത്. അക്കൗണ്ടുകളില്‍ മുക്കാല്‍ പങ്കും അറബിയിലാണ്. അഞ്ചിലൊരു ഭാഗം അക്കൗണ്ടുകള്‍ ഇംഗ്ലീഷും ഉപയോഗിക്കുന്നു.
സോഷ്യല്‍ മീഡിയ തങ്ങളുടെ ആശയ പ്രചാരണത്തിന് ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ മറ്റു ഭീകര സംഘടകളേക്കാള്‍ ഏറെ മുന്നിലാണ് ഇസ്ലാമിക് സ്റ്റേറ്റ്. ട്വിറ്ററാണ് ഭീകരുടെ പ്രിയ പ്രചാരണോപാധിയായി മാറിയിരിക്കുന്നത്.
ദി ഐഎസ്‌ഐഎസ് ട്വിറ്റര്‍ സെന്‍സസ് എന്ന പേരിലുള്ള പഠനം നടത്തിയത് ബ്രൂകിങ്‌സിലെ ജോനാഥന്‍ മോര്‍ഗന്‍, ജെഎം ബെര്‍ഗര്‍ എന്നിവര്‍ ചേര്‍ന്നാണ്.
നേരത്തെ യൂറോപ്പിലേയും അമേരിക്കയിലേയും യുവജനങ്ങളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകര്‍ഷിക്കാന്‍ ട്വിറ്ററില്‍ പ്രത്യേക സേനതന്നെ പ്രവര്‍ത്തിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സിറിയയിലേക്ക് ഒളിച്ചോടിപ്പോയ മൂന്നു ബ്രിട്ടീഷ് പെണ്‍കുട്ടികളും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടത് ട്വിറ്റര്‍ വഴി തന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല