ജോലിയില്‍ നിന്ന് പുറത്താക്കിയതിന് ക്ഷമാപണവും ഒപ്പം പുതിയ ജോലിയും നല്‍കണമെന്ന് മുന്‍ എന്‍എച്ച്എസ് തലവന്‍ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. താന്‍ എന്‍എച്ച്എസിലെ ചില പിഴവുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത് എന്നും എന്‍എച്ച്എസ് മുന്‍ മേധാവിയായ ഗാരി വാക്കര്‍ അവകാശപ്പെട്ടു.
രോഗികളുടെ സുരക്ഷാ നിലവാരം താഴ്ന്നുവരുന്നതിനെ കുറിച്ച് താന്‍ ഉയര്‍ത്തിയ ചില ആശങ്കകളാണ് എന്‍എച്ച്എസ് നേതൃസ്ഥാനത്തു നിന്ന് തന്നെ നീക്കാന്‍ കാരണമായതെന്ന് വാക്കര്‍ ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തില്‍ അവകാശപ്പെടുന്നു.
ഇപ്പോള്‍ ഹെല്‍ത്ത് സര്‍വീസില്‍ എവിടേയും ജോലി ചെയ്യുന്നതിന് തനിക്ക് അപ്രഖ്യാപിത വിലക്കാണ് അനുഭവിക്കേണ്ടി വരുന്നത്. കത്തില്‍ വാക്കര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു.
താന്‍ യുണൈറ്റഡ് ലിങ്കണ്‍ഷയര്‍ ഹോസ്പിറ്റല്‍ ട്രസ്റ്റിന്റെ തലവനായിരിക്കുമ്പോഴാണ് എന്‍എച്ച്എസിന്റെ പുതിയ നയങ്ങള്‍ രോഗികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നതരോട് മുന്നറിയിപ്പ് നല്‍കിയതെന്ന് വാക്കര്‍ വ്യക്തമാക്കുന്നു. തുടര്‍ന്നാണ് എന്‍എച്ച്എസ് തലപ്പത്തു നിന്ന് തന്നെ പുറത്താക്കിയത്. ഒപ്പം ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് വിലക്കും ഏര്‍പ്പെടുത്തി.
ഉയര്‍ന്നു വരുന്ന മരണ നിരക്കും, അടിക്കടി ഉണ്ടാകുന്ന രോഗികളുടെ സുരക്ഷ സംബന്ധിച്ച വിവാദങ്ങളും തന്റെ വാദം ശരിയാണെന്ന് തെളിയിക്കുന്നതായി വാക്കര്‍ അവകാശപ്പെട്ടു. നേരത്തെ ഒരു ഒത്തുതീര്‍പ്പു ഫോര്‍മുലയുണ്ടാക്കി തന്നെ നിശബ്ദനാക്കാന്‍ ശ്രമം നടന്നതായും വാക്കര്‍ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല