മുന്‍ എംപി സിറിള്‍ സ്മിത്തിന് കുട്ടികളുമായി ലൈംഗിക ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫയലുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പൂഴ്ത്തി വക്കുന്നുവെന്ന് ആരോപണം. എംപി ആയിരുന്ന കാലയളവില്‍ സിറിള്‍ സ്മിത്ത് ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിരുന്നത് സര്‍ക്കാര്‍ തലത്തില്‍ അറിയാമായിരുന്നെന്നും സര്‍ക്കാരിന്റെ പ്രതിഛായയെ കരുതി ആ വിവരങ്ങള്‍ മറച്ചു വക്കുകയായിരുന്നെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്ന് കാബിനറ്റ് മന്ത്രിമാരായിരുന്ന നിക്ക് ക്ലെഗും ഡേവിഡ് കാമറൂണും ചേര്‍ന്ന് സ്മിത്തിന്റെ വഴിവിട്ട ചെയ്തികളെക്കുറിച്ചുള്ള രഹസ്യ ഫയലുകള്‍ പൂഴ്ത്തിവക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് പ്രധാന ആരോപണം. സര് കവര്‍ അപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന കാബിനറ്റ് സെക്രട്ടറി സര് ജെറമി ഹെയ്വുഡ് ഇറാക്ക് യുദ്ധകാലത്ത് ടോണി ബ്ലെയറും ജോര്‍ജ് ബുഷും തമ്മില്‍ കൈമാറിയ സന്ദേശങ്ങളും പൂഴ്ത്തിയെന്ന് വാര്‍ത്തയില്‍ പറയുന്നു.
അറുപതുകളില്‍ സ്മിത്ത് ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ക്ക് അറിയാമായിരുന്നു എന്നതിനുള്ള തെളിവുകളും പൂഴ്ത്തിയ ഫയലുകളിലുണ്ട്.
സ്മിത്തിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഹോസ്റ്റലിലെ അന്തേവാസികളാണ് ചൂഷണത്തിന് ഇരയായത്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വിവാദമായ ലൈംഗിക പീഡന കേസില്‍ ശരിയായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും കാബിനറ്റ് ഓഫീസ് നേരെ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ലേബര്‍ എംപി സൈമണ്‍ ഡാന്സൂക് പറഞ്ഞു.
1988 ല്‍ സ്മിത്തിന് നൈറ്റ് പദവി ലഭിച്ചിരുന്നു. എന്നാല്‍ 2010 ല്‍ സ്മിത്തിന്റെ മരണശേഷമാണ് കെയര്‍ ഹോമുകളിലും ഹോസ്റ്റലുകളിലും താമസിച്ചിരുന്ന ആണ്‍കുട്ടികളെ സ്മിത്ത് ലൈംഗികമായി ചൂഷണം ചെയ്തിരുന്ന കാര്യം പുറത്തായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല