അര്‍ജന്റീനയിലെ ലാ റിയോജ പ്രവിശയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഫ്രഞ്ച് കായിക താരങ്ങളുള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടു. രണ്ട് ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമായിട്ടില്ല.
ഒളിംപിക് നീന്തലിലെ സ്വര്‍ണ മെഡല്‍ ജേതാവ് കാമില്ലെ മുഫാത് (25), ഒളിംപിക് ബോക്സിങ് വെങ്കല മെഡല്‍ ജേതാവ് അലെക്സിസ് വസ്റ്റൈന് (28), ദീര്‍ഘദൂര പായ്വഞ്ചിതുഴയല് താരം ഫ്ലോറന്‍സ് അര്തൗഡ് (57) എന്നിവരാണ് കൊല്ലപ്പെട്ട കായികതാരങ്ങളെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഒരു ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കടുക്കാന്‍ പര്‍വ്വതപ്രദേശത്തേയ്ക്ക് പോവുകയായിരുന്നു ഇവരെന്നാണ് റിപ്പോര്‍ട്ട്. കായികതാരങ്ങള്‍ ഉള്‍പ്പടെ എട്ടു ഫ്രഞ്ചുകാരും അര്‍ജന്റീനക്കാരായ രണ്ട് പൈലറ്റുമാരുമാണ് കൊല്ലപ്പെട്ടത്.
200 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ മെഡ്ലെയിലെ നിലവിലെ ഫ്രഞ്ച് ദേശീയ റെക്കോഡ് കാമില്ലെയുടെ പേരിലാണ്. 2008 ബെയ്ജിങ് ഒളിംപിക്സില്‍ ലൈറ്റ് വെല്‍റ്റര്‍വെയ്റ്റ് ബോക്സിങ്ങില്‍ വെങ്കലം നേടിയ താരമാണ് അലെക്സിസ് വാസ്റ്റൈന്. മുന്‍ അര്‍ജന്റീനിയന്‍ പ്രസിഡന്റ് ഫെര്‍ണാന്‍ഡോ ഡീ ലാ റുവായെ, പ്രതിഷേധക്കാര്‍ ഓഫീസ് വളഞ്ഞപ്പോള്‍ രക്ഷിച്ച ഹെലികോപ്റ്റര്‍ പൈലറ്റ് ജുവാന്‍ കാര്‍ലോസ് കസ്റ്റില്ലോയാണ് കൊല്ലപ്പെട്ട പൈലറ്റുമാരില്‍ ഒരാള്‍.
ഹെലികോപ്പ്റ്ററുകള്‍ പറന്നു തുടങ്ങിയ ഉടനെ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. കാലാവസ്ഥ അനുകൂലമായിരുന്നിട്ടും എന്തുകൊണ്ട് അപകടം നടന്നു എന്നത് സംബന്ധിച്ച് ഫ്രാന്‍സിലെ സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടെന്ന് ഫ്രഞ്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്നായിരിക്കും പ്രാഥമികഘട്ടത്തില്‍ അന്വേഷിക്കുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല