വ്യത്യസ്ത വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ട നഴ്‌സുമാരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടിയിലധികം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ വാഹന നഷ്ടപരിഹാര ട്രൈബ്യൂണല്‍ വിധിച്ചു. യുഎഇയില്‍ നഴ്‌സായിരുന്ന കലഞ്ഞൂര്‍ പ്രസീദയില്‍ രത്‌നവല്ലിയുടെയും കുവൈത്തില്‍ നഴ്‌സായിരുന്ന കോഴഞ്ചേരി കാലായില്‍ പുത്തന്‍വീട്ടില്‍ ഷേര്‍ലിയുടെയും അവകാശികള്‍ക്കാണ് ഒരുകോടി തൊണ്ണൂറായിരം രൂപ വീതം ലഭിക്കുക.
2007 ജനുവരി 5 ന് മകനോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ കലഞ്ഞൂര്‍ ജംക്ഷനു സമീപം വാന്‍ ഇടിച്ചാണ് രത്‌നവല്ലി മരിച്ചത്. രത്‌നവല്ലിയുടെ കുടുംബം നഷ്ടപരിഹാരത്തിന് കേസ് നല്‍കി. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഹൃദയാഘാതം മൂലം രത്‌നവലിയുടെ ഭര്‍ത്താവും മരിച്ചു. 57.89 ലക്ഷം രൂപ നഷ്ടപരിഹാരവും 3.48 ലക്ഷം രൂപ കോടതി ചെലവും 2007 ജൂലൈ 23 മുതല്‍ ഒന്‍പത് ശതമാനം പലിശയും നല്‍കാനാണ് ഇപ്പോഴത്തെ വിധി.
2009 മാര്‍ച്ച് 23ന് പുലര്‍ച്ചെ കായംകുളം പുനലൂര്‍ റോഡില്‍ കറ്റാനം മെഡിക്കല്‍ സെന്ററിനു സമീപമുണ്ടായ അപകടത്തിലാണ് ഷേര്‍ലി കൊല്ലപ്പെട്ടത്. അപകടത്തില്‍ ഷേര്‍ലിയുടെ പിതാവ് കുഞ്ഞച്ചന്‍, സഹോദരി ജോളി എന്നിവരും മരിച്ചു. കോഴഞ്ചേരി കാലായില്‍ പുത്തന്‍വീട്ടില്‍ ഷിബു ഫിലിപ്പിന്റെ ഭാര്യയായ ഷേര്‍ലി കുവൈത്തില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അവധിക്കു നാട്ടില്‍ വന്നപ്പോഴായിരുന്നു അപകടം.
നഴ്‌സുമാരുടെ വിദേശ രാജ്യങ്ങളിലെ ജോലിക്ക് സ്ഥിരതയില്ലെന്നും നാട്ടിലെ വരുമാനം മാത്രമേ കണക്കിലെടുക്കാവൂ എന്നുമുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ വാദം തള്ളിക്കളഞ്ഞാണ് ട്രൈബ്യൂണല്ലിന്റെ വിധി. ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരത്തുക 30 ദിവസത്തിനകം ട്രൈബ്യൂണല്‍ മുമ്പാകെ കെട്ടിവക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല