ലോകത്തിലെ ആദ്യത്തെ ഗൂഗിള്‍ ഷോപ്പ് ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി. ലണ്ടനിലെ ടോട്ടെന്‍ഹാം കോര്‍ട്ട് റോഡിലുള്ള കറീസ് പിസി വേള്‍ഡിലാണ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്.
കമ്പനിയുടെ ആന്‍ഡ്രോയിഡ് ഫോണുകളും ടാബ്ലെറ്റുകളുമാണ് ഷോപ്പിലെ പ്രധാന ആകര്‍ഷണം. ഒപ്പം ക്രോംബുക്ക് ലാപ്‌ടോപ്പുകളും, ക്രോംകാസ്റ്റ് ടിവി സെര്‍വീസുകളുമുണ്ട്.
ഗൂഗിള്‍ ഉപകരണങ്ങള്‍ കൂടുതല്‍ നന്നായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഉപയോക്താക്കളെ പഠിപ്പിക്കുന്ന ട്യൂട്ടോറിയലുകളും ഷോപ്പില്‍ ലഭ്യമാണ്. വിവിധ ഗൂഗിള്‍ ആപ്പുകള്‍ ഉപയോഗിച്ചുള്ള പ്രദര്‍ശനങ്ങളും ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.
ഇതാദ്യമായി ഒരു ഷോപ്പ് തുറക്കാനുള്ള ഗൂഗിള്‍ നീക്കം ഓണ്‍ലൈന്‍ കമ്പനികള്‍ ഇന്റര്‍നെറ്റിനു പുറത്തേക്ക് വളരുന്നതിന്റെ ആദ്യപടിയാണെന്ന് വിലയിരുത്തപ്പെടുന്നു. ന്യൂയോര്‍ക്കില്‍ സ്വന്തം ഷോപ്പ് തുറക്കാനുള്ള ഒരുക്കത്തിലാണ് പ്രമുഖ ഓണ്‍ലൈന്‍ റിട്ടയില്‍ സൈറ്റായ ആമസോണ്‍ എന്നാണ് വാര്‍ത്തകള്‍.
ഓണ്‍ലൈന്‍ ഇടത്തില്‍ മത്സരം ശക്തമായ സാഹചര്യത്തില്‍ സാമ്പ്രദായിക മട്ടിലുള്ള കടകളുടേയും കച്ചവടത്തിന്റേയും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഗൂഗിളിന്റേയും മറ്റ് ഓണ്‍ലൈന്‍ കമ്പനികളുടേയും ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല