വീടു വാങ്ങുന്നവര്‍ക്ക് ഒരു ഭാര്യയെ സൗജന്യമായി കിട്ടുമെന്ന് കേട്ടാല്‍ ഒന്നു പോയി നോക്കാത്തവരുണ്ടോ? ഏറ്റവും ചുരുങ്ങിയത് ഭാര്യയുടെ ഫോട്ടോയെങ്കിലും കാണാന്‍ ശ്രമിക്കും. ഇന്ത്യോനേഷ്യയില്‍ നിന്നാണ് വ്യത്യസ്തമായ ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തിയ പരസ്യം ഇതിനകം വൈറലാകുകയും ചെയ്തു. പരസ്യത്തിലെ വീടിന്റെ വില 75,000 യുഎസ് ഡോളറാണ്. രണ്ടു കിടപ്പു മുറികള്‍, രണ്ടു കുളിമുറികള്‍, പാര്‍ക്കിങ് സൗകര്യം, മീന്‍ വളര്‍ത്താന്‍ കുളം തുടങ്ങി വീടിന്റെ സൗകര്യങ്ങളെല്ലാം പരസ്യത്തില്‍ വിസ്തരിച്ച് പറയുന്നുണ്ട്.
ഇതിനു തൊട്ടു പിന്നാലെയാണ് വീടു വാങ്ങുന്നവര്‍ക്ക് വീടിന്റെ ഉടമയായ 40 കാരി സുന്ദരിയെയും സ്വന്തമാക്കാം എന്ന വാഗ്ദാനം. വില്‍പ്പന ഉപാധികള്‍ക്ക് ബാധകമെന്നും പരസ്യത്തില്‍ പറയുന്നു. വീടിന്റെ ഉടമയായ വിനാ ലിയയുടെ സുന്ദരമായ ചിത്രവും പരസ്യത്തിലുണ്ട്. പരസ്യം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം നൂറുകണക്കിന് കോളുകളാണ് ലിയയെ തേടിയെത്തിയത്.
സംഭവം കൈവിട്ടു പോയതോടെ പരസ്യത്തിനു പിന്നിലുള്ള സത്യാവസ്ഥ ലിയ വെളിപ്പെടുത്തി. വിധവയായ തനിക്ക് വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒപ്പം വീട് വിറ്റാല്‍ കൊള്ളാമെന്നുണ്ടെന്നും ലിയ വസ്തു വില്പനക്കാരനായ ഒരു സുഹൃത്തിനോട് സൂചിപ്പിച്ചിരുന്നു. ലിയയുടെ രണ്ട് ആഗ്രഹങ്ങളും ചേര്‍ത്ത് സുഹൃത്ത് ഒരു പരസ്യമാക്കി ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തുകയായിരുന്നു. സുഹൃത്തിന്റെ സഹായ മനസ്ഥിതിക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കുക എന്ന് ലിയ വെളിപ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല