കുളിമുറിയില്‍ മൂളിപ്പാട്ടു പാടുന്ന സ്വഭാവക്കാരനാണോ നിങ്ങള്‍. മൂളുന്നത് ഇളയരാജയുടെ ഈണമാണെങ്കില്‍ പണികിട്ടാന്‍ സാധ്യതയുണ്ട്. കുളി കഴിഞ്ഞു വരുമ്പോള്‍ ചിലപ്പോള്‍ വക്കീല്‍ നോട്ടീസാവും കാത്തിരിക്കുക.
ദൈര്‍ഘ്യമേറിയ സംഗീത ജീവിതത്തില്‍ ആരാധകര്‍ക്ക് സമ്മാനിച്ച എല്ലാ ഈണങ്ങള്‍ക്കും കോപ്പി റൈറ്റ് പുതപ്പിടുകയാണ് ഇശൈജ്ഞാനി ഇളയരാജ. ഇനി മുതല്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആര്‍ക്കും അദ്ദേഹത്തിന്റെ ഈണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല.
മൊബൈലില്‍ റിംഗ്‌ടോണ്‍ ആയി ഉപയോഗിക്കുന്നതു പോലും പകര്‍പ്പവകാശ ലംഘനത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കെ ഇളയരാജയുടെ പുതിയ നടപടി ഏറ്റവും അധികം ബാധിക്കാന്‍ പോകുന്നത് അദ്ദേഹത്തിന്റെ ഈണങ്ങളെ ജീവനു തുല്യം സ്‌നേഹിക്കുന്ന ആരാധകരെ തന്നെയാണ്.
കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിധിയും ഇളയരാജയുടെ പുതിയ തീരുമാനത്തിന് അനുകൂലമായിരുന്നു. ഇളയരാജയുടെ പാട്ടുകള്‍ സിഡിയിലും ഇന്റര്‍നെറ്റിലും വിറ്റിരുന്ന കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ കൈകൊള്ളാനുള്ള ഒരുക്കത്തിലാണ് കോടതി വിധിയുടെ ബലത്തില്‍ ഇളയരാജ.
ഗാനങ്ങളുടെ സിഡി നിര്‍മ്മാണം, വില്‍പ്പന, വിതരണം തുടങ്ങിയവ ശിക്ഷാര്‍ഹമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരസ്യ ചിത്രങ്ങളിലും രാജയുടെ ഈണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. കൂടാതെ എഫ്എമ്മുകളിലും മ്യൂസിക് ചാനലുകളിലും പാട്ടുകള്‍ സംപ്രേക്ഷണം ചെയ്താല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും.
വിവിധ ഭാഷകളിലായി ഏതാണ്ട് 4,500 ഗാനങ്ങളാണ് ഇളയരാജയുടെ പേരിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല