സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ഇടതുമുന്നണി ആഹ്വാനം ചെയ്തു. നിയമസഭയ്ക്കു അകത്തും പുറത്തും ഇന്ന് അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഇടതുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബാര്‍ കോഴക്കേസില്‍ അന്വേഷണം നേരിടുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം കേരള നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രക്ഷുബ്ദമായ ദിവസം സമ്മാനിച്ചതിന് പിന്നാലെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മാണിയെ തടയുമെന്ന പ്രതിപക്ഷവും എന്തുവില കൊടുത്തും ബജറ്റ് അവതരിപ്പിക്കുമെന്ന സര്‍ക്കാരും വാശിപിടിച്ചതോടെ നിയമസഭയും പരിസരവും യുദ്ധഭൂമിയായി. സ്പീക്കറുടെ ഡയസില്‍ കയറി കസേര വലിച്ചെറിയുക, മൈക്കും കമ്പ്യൂട്ടറും തകര്‍ക്കുക, സ്പീക്കറെ ഡയസില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞുവയ്ക്കുക തുടങ്ങിയ ശക്തമായ സമരമാര്‍ഗമാണ് പ്രതിപക്ഷം സ്വീകരിച്ചത്.
ബജറ്റുമായി സഭയില്‍ എത്തിയ മാണിയെ ആദ്യം തടഞ്ഞ് തിരിച്ചയക്കാനും പ്രതിപക്ഷത്തിനു കഴിഞ്ഞു. എന്നാല്‍ പിന്‍വാതിലിലൂടെ എത്തിയ മാണി വാച്ച് ആന്റ് വാര്‍ഡിന്റെയും ഭരണപക്ഷത്തിന്റെയും സുരക്ഷാ വലയത്തിനുള്ളില്‍ നിന്ന് ബജറ്റിന്റെ ആമുഖ പ്രസംഗം നടത്തി ബജറ്റ് സഭയില്‍ വച്ചു. ബജറ്റ് അവതരിപ്പിക്കുമെന്ന സര്‍ക്കാരിന്റെ വാദം സാങ്കേതികമായി വിജയിച്ചുവെങ്കിലും മാണിയെ ഇരിപ്പിടത്തില്‍ ഇരുത്താനോ സ്പീക്കറെ ഡയസില്‍ ഇരിക്കാനോ അനുവദിക്കാതെ പ്രതിപക്ഷവും വിജയിച്ചു.
മാണിയുടെ ബജറ്റ് അവതരണംപോലും വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇടതുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മാണി അവതരിപ്പിച്ച ബജറ്റ് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ഗവര്‍ണറെ കാണാനും പ്രതിപക്ഷം ശ്രമം നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല