ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സംഘര്‍ഷ ഭരിതമായ ബജറ്റ് അവതരണത്തിന് സാക്ഷ്യം വഹിച്ച കേരള നിയമസഭ സോഷ്യല്‍ മീഡിയയിലും താരമായി. ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും വിക്രിയകള്‍ കണ്ട് അന്തം വിട്ട ജനം പ്രതികരിച്ചത് രസകരമായ പോസ്റ്റുകളിലൂടെയാണ്.
ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ.എം.മാണിയെക്കാള്‍ സോഷ്യല്‍ മീഡിയയില്‍ താരമായത് വി.ശിവന്‍കുട്ടി എം.എല്‍.എയാണ്. ഒപ്പം ജമീല പ്രകാശം കടിച്ചു എന്ന് ആരോപണം ഉന്നയിച്ച കെ.ശിവദാസന്‍ നായരും, സ്പീക്കര്‍ എന്‍.ശക്തനും സിനിമാരംഗങ്ങള്‍ കോര്‍ത്തിണക്കിയ ഫേസ്ബുക്ക് പോസ്റ്റുകളിലെ കഥാപാത്രങ്ങളായി.
മാണി ബഡ്ജറ്റ് മേശപ്പുറത്ത് വച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വി. ശിവന്‍കുട്ടിയെ മേശപ്പുറത്ത് വച്ചു എന്നായിരുന്നു ഏറ്റവും ഹിറ്റായ പോസ്റ്റ്. ഴഞ്ഞു വീണ ശിവന്‍കുട്ടിയെ സഹ എം.എല്‍.എമാര്‍ താങ്ങിയെടുത്ത് സ്പീക്കറുടെ ഇരിപ്പിടത്തിന് താഴെയുള്ള വലിയ മേശയുടെ മുകളില്‍ കിടത്തിയ ചിത്രത്തിന് അടിക്കുറിപ്പായിരുന്നു ഈ കമന്റ്.
ബജറ്റ് അവതരിപ്പിക്കാന്‍ ആംഗ്യത്തിലൂടെ മാണയെ ക്ഷണിക്കുന്ന സ്പീക്കറായി സോഷ്യല്‍ മീഡിയ കണ്ടെത്തിയത് ഗോഡ്ഫാദറിലെ ബോധംപോയ ശങ്കരാടിയുടെ ചിത്രത്തെയാണ്. മീശമാധവന് എന്ന ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച കള്ളന് മാധവനും പോക്കിരിരാജയിലെ രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ കുറിക്കു കൊള്ളുന്ന പോസ്റ്റുകളായി.
കിലുക്കം എന്ന ചിത്രത്തില്‍ ഹോട്ടലില്‍ കയറി അക്രമം കാണിച്ച രേവതിയുടെ കഥാപാത്രവും പോസ്റ്റുകളിലുണ്ട്. മന്ത്രി ഷിബു ബേബി ജോണ്‍ സി.പി.ഐ എം.എല്‍.എ ഇ.എസ് ബിജുമോളെ തടയുന്ന ചിത്രത്തിന് അടിക്കുറിപ്പ് ഓണത്തിനിടക്ക് പുട്ടു കച്ചവടം എന്നായിരുന്നു.
ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രശസ്ത ഡയലോഗായ ചന്തുവിനെ തോല്പിക്കാനാവില്ല മക്കളെ ആയിരുന്നു മാണിയെ തോല്പിക്കാനാവില്ല മക്കളേ എന്ന ചെറിയ മാറ്റത്തോടെ സോഷ്യല്‍ മീഡിയയില്‍ ബജറ്റ് അവതരണത്തിന്റെ തുടക്കം മുതല്‍ കറങ്ങി നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല