സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയും ശ്രീലങ്കയും നാല് കരാറുകളില്‍ ഒപ്പുവച്ചു. വിസ, കസ്റ്റംസ്, യൂത്ത് ഡവലപ്മെന്റ്, ശ്രീലങ്കയിലെ രബീന്ദ്രനാഥ ടാഗോര്‍ സ്മാരക നിര്‍മാണം എന്നിവയെ സംബന്ധിക്കുന്ന കരാറുകളിലാണ് ഒപ്പുവച്ചത്.
ഇരുരാജ്യങ്ങളുടെയും കസ്റ്റംസ് അധികൃതര്‍ക്കിടയില്‍ സഹകരണത്തിനും ധാരണയായി. പുതിയ കരാറുകള്‍ വാണിജ്യത്തെ നടപടി ക്രമങ്ങളെ ലഘൂകരിക്കാനും നോണ്‍ താരിഫ് ബാരിയര്‍ കുറക്കുവാനും സഹായകരമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഒപ്പം ശ്രീലങ്കയുടെ റയില്‍ ഗതാഗത മേഖലയില്‍ 318 മില്ല്യണ്‍ യുഎസ് ഡോളര്‍ ധനസഹായവും ട്രിങ്കോമലിയെ പെട്രോളിയം ഹബ് ആക്കിമാറ്റാനായുള്ള സഹായങ്ങളും മോഡി വാഗ്ദാനം ചെയ്തു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദം ശക്തമായ സാമ്പത്തിക സഹകരണത്തില്‍ പ്രതിഫലിക്കുമെന്ന് മോഡി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മൂന്നു അയല്‍രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാന്മായാണ് മോഡി ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി മോഡി ചര്‍ച്ച നടത്തി.
1987 നു ശേഷം 28 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീലങ്കയിലെത്തുന്നതെന്നും അതിനാല്‍ ഈ സന്ദര്‍ശനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതായും മോഡി പ്രസ്താവിച്ചു. ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ച മോഡി ഏഷ്യയിലെ ഏറ്റവും പഴയ ജനാധിപത്യരാഷ്ടമായ ശ്രീലങ്ക ഇന്നും ഊര്‍ജ്ജസ്വലമാണെന്ന് അഭിനന്ദിക്കാനും മറന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല