സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ മുഴുവന്‍ വിഡ്ഢികളാക്കിയ അവതരണ നാടകത്തിനു ശേഷം, വിഡ്ഢി ദിനമായ ഏപ്രില്‍ 1 ന് കേരള ബജറ്റ് പ്രാബല്യത്തില്‍ വരും. അതോടെ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ അവശ്യ സാധനങ്ങള്‍ക്ക് വില കൂടും.
ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂടും. അരിക്കും ഗോതമ്പിനും ഒരു ശതമാനത്തിലേറെ വില കൂടുമ്പോള്‍ മൈദ, ആട്ട, റവ തുടങ്ങിയവക്ക് അഞ്ച് ശതമാനമാണ് വര്‍ധന. പഞ്ചസാര രണ്ട് ശതമാനം, വെളിച്ചെണ്ണ ഒരു ശതമാനം എന്നിങ്ങനെയാണ് പുതിയ നിരക്ക്.
ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയതിനാല്‍ ഡീസലിനും പെട്രോളിനും വില കൂടും. ചമ്പാവ് അരിക്ക് മൊത്ത വിപണയില്‍ ഇപ്പോള്‍ കിലോഗ്രാമിന് 35 രൂപയും ക്വിന്റലിന് 35,000 രൂപയുമാണ് വില. ഇത് ഏപ്രിലില്‍ 350 രൂപ കൂടി വര്‍ധിക്കും. ആന്ധ്ര വെള്ള അരിക്ക് ഇപ്പോള്‍ ക്വിന്റലിന് 33,000 രൂപയാണ്. ഇനി 330 രൂപ കൂടി കൂടും. മറ്റുള്ള ഇനം അരികള്‍ക്കും വില വര്‍ധിക്കും.
പായ്ക്കറ്റുകളില്‍ വരുന്ന അരിമാവിന് കിലോഗ്രാമിന് ഒരു രൂപ അധികം നല്‍കേണ്ടി വരും. മഹാരാഷ്ട്ര ആട്ടക്ക് ക്വിന്റലിന് 45,000 രൂപയാണ് വില. ഏപ്രില്‍ മുതല്‍ അതിന് 2,250 രൂപ അധികം നല്‍കേണ്ടി വരും. പഞ്ചസാരക്ക് 1,750 രൂപയും സാധാരണ വെളിച്ചെണ്ണക്ക് 7,500 രൂപ യും ക്വിന്റലിന് അധികം നല്‍കേണ്ടി വരും.
റബറിന് വേണ്ടിയുളള അധിക വിഭവ സമാഹരണത്തിനാണ് നികുതി കൂട്ടുന്നതെന്നാണ് ബജറ്റിലെ ന്യായം. 300 കോടി രൂപയാണ് റബര്‍ സംഭരണത്തിനായി നീക്കി വച്ചിരിക്കുന്നത്. ആ നഷ്ടം നികത്താന്‍ വേണ്ടിയാണ് സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന തരത്തില്‍ നികുതികളും അവശ്യ സാധനങ്ങളുടെ വിലയും കൂട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല