സ്വന്തം ലേഖകന്‍: എന്നും കാണുന്ന കലത്തിലേക്ക് കൗതുകം കൊണ്ട് ഒന്ന് എത്തി നോക്കിയതാണ് അല്‍ഫിന എന്ന ഒന്നര വയസുകാരി. അതിനകത്ത് കയറി ഇരുന്നു ഒന്നു കളിച്ചു നോക്കുകയും ചെയ്തു. പക്ഷെ കളി കാര്യമായത് പിന്നീടാണ് അല്‍ഫിനക്ക് മനസിലായത്.
പുറത്തിറങ്ങാന്‍ നോക്കുമ്പോള്‍ കലവും കൂടെ പോന്നത് കുഞ്ഞിനെ കുറച്ചൊന്നുമല്ല പരിഭ്രമിപ്പിച്ചത്. എങ്ങനെയെങ്കിലും പുറത്തു ചാടാന്‍ നടത്തിയ ശ്രമങ്ങളാകട്ടെ കലത്തിനകത്ത് കുടുക്കുകയും ചെയ്തു.
സംഭവം കണ്ട് ഓടിയെത്തിയ അല്‍ഫിനയുടെ അമ്മക്കും കുഞ്ഞിനെ കലത്തില്‍ നിന്ന് ഊരിയെടുക്കാനായില്ല. പ്രശ്‌നം ഗുരുതരമായപ്പോള്‍ വീട്ടുകാരെല്ലാം ചേര്‍ന്ന് അല്‍ഫിനയെ ഊരിയെടുക്കാനുള്ള ശ്രമമായി. മുതിര്‍ന്നവരുടെ വെപ്രാളവും ബഹളവും അല്‍ഫിനയേയും അസ്വസ്ഥയാക്കി.
അല്‍ഫിന നിര്‍ത്താതെ കരച്ചില്‍ തുടങ്ങിയതോടെ വീട്ടുകാര്‍ക്ക് അഗ്‌നിശമന സേനയെ വിളിക്കാതെ മറ്റു നിവൃത്തിയില്ലെന്ന് വന്നു. കുട്ടിയെ ഉടന്‍ അടുത്തുള്ള സ്റ്റേഷനില്‍ എത്തിക്കാനായിരുന്നു നിര്‍ദേശം.
ഹൈഡ്രോളിക് കട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമത്തിലായി സ്റ്റേഷന്‍ ജീവനക്കാര്‍. വീട്ടുകാര്‍ പരിഭ്രമിച്ചെങ്കിലും ഹൈഡ്രോളിക് കട്ടറും യൂണിഫോമിട്ട ജീവനക്കാരുമെല്ലാം ആയപ്പോള്‍ കരച്ചില്‍ നിര്‍ത്തി സിനിമ കാണുന്ന കൗതുകത്തിലായി അല്‍ഫിന.
അവസാനം കലം മുറിച്ച് അല്‍ഫിന പുറത്തെത്തിയപ്പോള്‍ കണ്ടുനിന്നവര്‍ക്കും സേനാംഗങ്ങള്‍ക്കും ആശ്വാസവും അല്‍ഫിനക്ക് ചിരിയും. മടങ്ങും നേരത്ത് തന്നെ കുടുക്കിലാക്കിയ കലത്തെ ഒന്നു കൂടി എത്തി നോക്കാനും അല്‍ഫിന മറന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല