ടുണീസ്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയുടെ തലസ്ഥാന നഗരമായ ടുണീസിലെ ചരിത്ര പ്രസിദ്ധമായ മ്യൂസിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 17 വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 19 പേര് കൊല്ലപ്പെട്ടു. പട്ടാള വേഷത്തില്‍ മ്യൂസിയത്തിനുള്ളില്‍ കടന്നു കൂടിയ രണ്ട് ഭീകരരാണ് മ്യൂസിയത്തിലുണ്ടായിരുന്ന ആളുകളെ ബന്ധികളാക്കി വെച്ച് ആക്രമണം നടത്തിയത്. ഇറ്റലി, സ്പെയിന്, പോണ്ട്, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്നുള്ള വിദേശികളാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ടൂണിഷ്യന് പൊലീസുകാരനും ഒരു ടുണീഷ്യന്‍ പൗരനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇവരെ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 22 വിദേശ വിനോദ സഞ്ചാരികള്‍ക്കും രണ്ട് ടൂണിഷ്യന് സ്വദേശികള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇറ്റലി, പോളണ്ട്, സ്പെയിന്, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, ജപ്പാന് എന്നിവിടങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇവരെ ടുണീഷ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിക്കപ്പെട്ടതിനാല് ഇവര്‍ അപകടനില തരണം ചെയ്തു.
ഇപ്പോള്‍ ഭീകരവാദികള്‍ ആക്രമണം നടത്തിയ നാഷ്ണല്‍ ബോര്‍ഡോ മ്യൂസിയത്തിന് സമീപത്ത് തന്നെയാണ് ടുണീഷ്യന്‍ പാര്‍ലമെന്റും സ്ഥിതി ചെയ്യുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ നിന്നും സാമാജികരെ ഒഴിപ്പിച്ചു. ടൂണീഷ്യന്‍ ചരിത്രത്തില്‍ തന്നെ വളരെയധികം പ്രാധാന്യമുള്ള മ്യൂസിയമാണിത്. ലോകത്തിലെ ഏറ്റവും അധികം റോമന്‍ മൊസെയ്ക്ക്സിന്റെ ശേഖരണമുള്ളത് ഈ മ്യൂസിയത്തിലാണ്. ടുണീഷ്യയയില് ഭീകരാക്രമണത്തിന് എതിരായ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്ന് കിടക്കുന്ന മ്യൂസിയത്തിന് നേര്‍ക്ക് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ട തീവ്രവാദികള്‍ ഏതു സംഘടനയില്‍പ്പെട്ടവരാണെന്ന് തിരിച്ചറിയാന്‍ ടുണീഷ്യക്ക് സാധിച്ചിട്ടില്ല. ഈ രണ്ടു പേര് മാത്രമല്ല വേറെയും ആളുകള്‍ ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് ടുണീഷ്യന്‍ അധികൃതര്‍ കരുതുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് തീവ്രവാദികളെ കണ്ടെത്താന്‍ ആക്രമണം നടന്ന സ്ഥലവും പരിസര പ്രദേശങ്ങളും അരിച്ചു പെറുക്കുകയാണ് പൊലീസ് ഇപ്പോള്‍.
ടുണീഷ്യയുടെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആക്രമണം. 2011ല്‍ മാത്രം നിലവില്‍ വന്ന ജനാധിപത്യ സര്‍ക്കാരിന്റെ മുഖ്യ വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് വിനോദ സഞ്ചാരം. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളോട് അനുഭാവമുള്ള സംഘടനകള്‍ ടുണീഷ്യയിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറേ നാളുകളായി നടത്തി വരികയാണ്. അതിന്റെ ഭാഗമായ ആക്രമമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് രാഷ്ട്രീയ വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല